അസാന്‍ജിനെ സ്വതന്ത്രമാക്കണമെന്ന് ജര്‍മ്മന്‍ എം.പിമാര്‍
6 വര്‍ഷമായി രാഷ്ട്രീയാഭയം തേടിയ ഇക്വഡോറുമായുള്ള അസാന്‍ജിന്റെ ബന്ധം മോശമായിരുന്നു. ഇതോടെയാണ് ജര്‍മനിയിലെ ഇടത് എംപിമാരായ സെവിന്‍ ഡാഗ്‌ടെലനും ഹെയ്‌കെ ഹാന്‍സലും അസാന്‍ജിനെ കണ്ടത്
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ സ്വതന്ത്രമാക്കണമെന്ന് ജര്‍മ്മന്‍ എം.പിമാര്‍. ബ്രിട്ടനിലെ ഇക്വഡര്‍ എംബസിയില്‍ എത്തി അസാന്‍ജിനെ കണ്ടതിന് ശേഷമാണ് ഇരുവരും ഇക്കാര്യം ആവശ്യപ്പെട്ടത്. അമേരിക്കന്‍ ഭീഷണിയെ തുടര്‍ന്ന് 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ് അസാന്‍ജ്.
ആറ് വര്‍ഷമായി രാഷ്ട്രീയ അഭയം തേടിയ ഇക്വഡോറുമായുള്ള, അസാന്‍ജിന്റെ ബന്ധത്തില്‍ നേരത്തെ വിള്ളല്‍ ഉടലെടുത്തിരുന്നു. ഇതോടെയാണ് ജര്‍മനിയിലെ ഇടത് എംപിമാരായ സെവിന്‍ ഡാഗ്‌ടെലന്‍, ഹെയ്‌കെ ഹാന്‍സല്‍ എന്നിവര്‍ അസാന്‍ജിനെ സന്ദര്‍ശിച്ചത്. അസാന്‍ജിന്റെ രാഷ്ട്രീയാഭയം ഇക്വഡോര്‍ അവസാനിപ്പിക്കുമെന്ന വാര്‍ത്തയില്‍ ഭയമുണ്ടെന്ന് എം.പിമാര്‍ പ്രതികരിച്ചു.
അസാന്‍ജ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. അമേരിക്കയുടെ ഭീഷണിയില്‍ നിന്ന് അന്താരാഷ്ട്ര സംരക്ഷണം തേടി ഐക്യരാഷ്ട്രസഭക്കും ബ്രിട്ടനിലേയും ഇക്വഡോറിലേയും മുതിര്‍ന്ന നേതാക്കള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു. അസാന്‍ജിനുള്ള മെഡിക്കല്‍ പരിശോധനകള്‍ക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഇക്വഡോര്‍ പുതിയ നിയമങ്ങള്‍ കൊണ്ട് വന്നിരുന്നു. ഫോണ്‍, മെഡിക്കല്‍ ബില്ലുകള്‍ അടക്കണമെന്നും എംബസി ആവശ്യപ്പെട്ടിരുന്നു.