‘തന്നെ പാക്കിസ്താന്റെ പ്രധാനമന്ത്രിയാക്കണം’; സെല്‍ ഫോണ്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് 

Update: 2018-12-23 05:45 GMT

തന്നെ പാക്കിസ്താന്റെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി മാനസികാസ്വസ്ഥമുള്ള പാക്കിസ്താനി യുവാവ് സെല്‍ ഫോണ്‍ ടവറില്‍ കയറി ഭീഷണി മുഴക്കി. ഇസ്‌ലാമാബാദിലെ ബ്ലൂ ഏരിയയിലാണ് മാനസികാസ്വസ്ഥമുള്ള മുഹമ്മദ് അബ്ബാസ് പാക്കിസ്താന്റെ പതാകയുമായി ടവറിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. പൊലീസിനെയും രക്ഷാ പ്രവര്‍ത്തകരെയും വിളിച്ചറിയിച്ചതിന് ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. യുവാവിനെ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പഴറ്റിയ പൊലീസ് ഒടുവില്‍ യുവാവിന്റെ ആവശ്യമായ ഇമ്രാന്‍ ഖാനുമായുള്ള ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു. പാക്കിസ്താന്റെ കടമെല്ലാം അടച്ചു തീര്‍ക്കാനും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറ്റണമെന്നും യുവാവ് പൊലീസിനോട് ആവശ്യപ്പെട്ടു.

ടവറില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ച യുവാവിനെ താഴെയിറക്കാന്‍ ഒടുവില്‍ പൊലീസ് മിമിക്രി ആര്‍ട്ടിസ്റ്റായ ഷഫാത് അലിയെ വിളിക്കുകയും ഇമ്രാന്‍ ഖാന്റെ ശബ്ദത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അഞ്ച് മിനിറ്റ് ഇമ്രാന്‍ ഖാന്റെ ശബ്ദത്തില്‍ സംസാരിച്ചതിന് ശേഷം മാത്രമാണ് മുഹമ്മദ് അബ്ബാസ് ടവറില്‍ നിന്നും താഴെയിറങ്ങാന്‍ തയ്യാറായത്. താഴെയിറങ്ങിയ യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്.

Tags:    

Similar News