അഴിമതിക്കേസില്‍ നവാസ് ശരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ
അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസില്‍ ഏഴ് വര്‍ഷത്തെ തടവിനാണ് അഴിമതി വിരുദ്ധ കോടതി ശിക്ഷിച്ചത്
അഴിമതി കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് വീണ്ടും തടവ് ശിക്ഷ. അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസില്‍ ഏഴ് വര്‍ഷത്തെ തടവിനാണ് അഴിമതി വിരുദ്ധ കോടതി ശിക്ഷിച്ചത്. ഫ്ലാഗ്ഷിപ്പ് നിക്ഷേപ കേസില്‍ നവാസിനെ കോടതി വെറുതെവിട്ടു.
ശരീഫിനെതിരായ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന അഴിമതി വിരുദ്ധ കോടതിയാണ് വിധി പ്രസ്താവിച്ചത്. സൌദി അറേബ്യയില്‍ ശരീഫിന്റെ ഉടമസ്ഥതയിലുള്ള അല്‍ അസീസിയ സ്റ്റീല്‍ മില്ലിന്റെ സാമ്പത്തിക ഉറവിടം തെളിയിക്കാന്‍ ശരീഫിന് മൂന്ന് തവണയും കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന് ശരീഫിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.
യുകെയിലെ ഫ്ലാഗ്ഷിപ്പ് കമ്പനിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ ശരീഫിനെ കോടതി വെറുതെവിട്ടു. കോടതിവിധി പുറത്തുവന്നതോടെ പാകിസ്താന്‍ മുസ്‍ലിം ലീഗ് (എന്‍) പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പ്രവര്‍ത്തകരെ പുറത്താക്കാന്‍ പൊലീസ് ലാത്തി വീശി. കേസില്‍ താന്‍ നിരപരാധിയാണെന്നും സത്യസന്ധതയോടെയാണ് രാജ്യത്തെ സേവിച്ചതെന്നും നവാസ് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. നിലവില്‍ അവെന്‍ഫീല്‍ഡ് പ്രൊപ്പര്‍ട്ടി കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. സെപ്തംബറില്‍ ഹൈക്കോടതി നവാസിനും മകള്‍ക്കും മരുമകനും ജാമ്യം അനുവദിച്ചിരുന്നു