പരാധീനതകള്‍ക്ക് നടുവില്‍ ക്രിസ്മസ് ആഘോഷവുമായി ഗസ്സയിലെ വിശ്വാസികള്‍
ഉപരോധമേര്‍പ്പെടുത്തിയതോടെ ഭക്ഷണത്തിനും മരുന്നിനും വരെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് തിരുപ്പിറവിയുടെ സന്തോഷം അലതല്ലേണ്ട ക്രിസ്മസിന്റെ വരവ്
പരാധീനതകള്‍ക്ക് നടുവില്‍ ക്രിസ്മസ് ആഘോഷവുമായി ഗസ്സയിലെ വിശ്വാസികള്‍. ഫലസ്തീനിലെ ഗസ്സക്കു മേല്‍ ഇസ്രായേല്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് വിശ്വാസികളുടെ ആഘോഷങ്ങള്‍ക്ക് നിറം കെട്ടു തുടങ്ങിയത്. ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന ഗസ്സ ഉപരോധം കടുത്ത ദുരിതമാണ് പ്രദേശവാസികള്‍ക്ക് ഏല്‍പ്പിച്ചിരിക്കുന്നത്. കര, നാവിക, വ്യോമ മേഖലകളിലെല്ലാം ഉപരോധമേര്‍പ്പെടുത്തിയതോടെ ഭക്ഷണത്തിനും മരുന്നിനും വരെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് തിരുപ്പിറവിയുടെ സന്തോഷം അലതല്ലേണ്ട ക്രിസ്മസിന്റെ വരവ്.
ഇവിടെയെല്ലാം സാധാരണ പോലെയാണ്, ഞങ്ങളുടെ ക്രിസ്മസ് പള്ളിയിലോ വീട്ടിലോ ഒതുങ്ങുകയാണ്. ബത്‌ലഹേമില്‍ പോയി ബന്ധുക്കളോടൊപ്പം കൂടണമെന്നാണ് ആഗ്രഹമെന്നും വിശ്വാസികള്‍ പറയുന്നു.
ഗസ്സയിലെ ജനങ്ങള്‍ ദുരിതം പേറുകയാണ്. തൊഴിലില്ലായ്മയും ഉപരോധവുമടക്കം നിരവധി പ്രശ്നങ്ങളുണ്ട്. ഗസ്സയില്‍ കഴിയുന്ന പലരുടേയും ബന്ധുക്കള്‍ ഇസ്രായേല്‍ അധീനതയിലുള്ള വെസ്റ്റ്ബാങ്കിലും മറ്റുമാണ്. ഇവരെ സന്ദര്‍ശിക്കാനോ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനോ ഇസ്രായേലിന്റെ അനുമതിയില്ല. ഉണ്ണിയേശു പിറന്നുവെന്ന് വിശ്വാസികള്‍ കരുതുന്ന ബത്‍ലഹേമിലും ഇവര്‍ക്ക് പ്രവേശനമില്ല. പത്ത് വര്‍ഷമായി ഉപരോധത്തിലാണ് തങ്ങളുടെ ക്രിസമസ് ആഘോഷങ്ങളെന്നും അടുത്ത വര്‍ഷത്തെ ക്രിസ്മസെങ്കിലും സന്തോഷത്തോടെ ആഘോഷിക്കാനാകണമെന്നാണ് പ്രാര്‍ഥനയെന്നും വിശ്വാസികള്‍ പ്രതികരിച്ചു.