അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 43 ആയി
അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തിലും വെടിവെപ്പിലും മരിച്ചവരുടെ എണ്ണം 43 ആയി. തിങ്കളാഴ്ച വൈകുന്നേരമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായത്. ഈ വര്‍ഷം കാബുളിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുമരാമത്ത് മന്ത്രാലയത്തിനും പട്ടാള ക്ഷേമ ഓഫിസും നില്‍ക്കുന്ന കെട്ടിടത്തിന് മുമ്പിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ചാവേര്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനത്തിന് പിന്നാലെ സൈനിക ക്ഷേമ ഓഫീസ് കെട്ടിടത്തിലേക്ക് ഇരച്ച് കയറിയ അക്രമികള്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തു.
ആക്രമണമുണ്ടായതോടെ നിരവധി പേര്‍ മണിക്കൂറുകളോളം കെട്ടിടത്തിനകത്ത് കുടുങ്ങി. പലരും താഴേക്ക് എടുത്തു ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചാവേറിന് പുറമെയുണ്ടായിരുന്ന മൂന്ന് ഭീകരരെ വധിച്ചാണ് കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന് അഫ്ദഗാന്‍ ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ല ആരോപിച്ചു. പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കാന്‍ ധൈര്യമില്ലാത്ത താലിബാന്‍ ഭീകരാക്രമണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരോപണം താലിബാന്‍ നിഷേധിച്ചു.