സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു; പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തമായി തുടരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്നലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് മുന്നില്‍ തടിച്ച് കൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി സുഡാനില്‍ ജനകീയ പ്രതിഷേധം ശക്തമാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളിലും പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിന്‍റെ നയങ്ങള്‍ക്കെതിരെയുമാണ് രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നത്.
ഇന്നലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് മുന്നില്‍ ആയിരങ്ങളാണ് തടിച്ച് കൂടിയത്. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന ടിയര്‍ഗാസ് ഷെല്ലുകള്‍ പ്രയോഗിച്ചു. ഒപ്പം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തതോടെ സമരക്കാര്‍ ചിതറിയോടി.
വിലക്കയറ്റവും പ്രാഥമികാവശ്യങ്ങളുടെ അഭാവവും സാമ്പത്തിക ഞെരുക്കവും സുഡാന്‍ ജനതയെ ദുരിത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രസിഡന്‍റിന്റെ നയങ്ങള്‍ക്കെതിരെ തെരുവുകളിലെല്ലാം പ്രതിഷേധം കനക്കുകയാണ്. പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തു
പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാസേന ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ രാജ്യദ്രോഹികളും മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്നവരുമാണെന്ന് പ്രസിഡണ്ട് ഒമര്‍ അല്‍ ബഷീര്‍ നേരത്തെ ഒരു റാലിക്കിടെ പറഞ്ഞിരുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.
തെരുവുകള്‍ യുദ്ധക്കളമായതോടെ നഗരങ്ങളില്‍ വാഹനങ്ങളും കാല്‍ നടയാത്രക്കാരുമെല്ലാം ഒഴിഞ്ഞ അവസ്ഥയിലാണ്. ബഷീറിന്‍റെ 29 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനാമ് സുഡാന്‍ സാക്ഷ്യം വഹിക്കുന്നത്