യമന്‍ പ്രതിസന്ധി പരിഹാരത്തിലേക്ക്; ഹുദൈദയില്‍ നാവിക സേനക്ക് നിയന്ത്രണം
സന്‍ആയിലേക്കുള്ള പ്രധാന പാത ഭാഗികമായി തുറന്നു കൊടുത്തിട്ടുണ്ട്. ഇതിനിടെ ഹൂതികള്‍ കരാര്‍ ലംഘിക്കുന്നതായി സഖ്യസേന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
യമനിലെ ഹുദൈദയില്‍ നിന്നും ഹൂതി വിമതരുടെ പിന്‍മാറ്റത്തോടെ മേഖല നാവിക സേന ഏറ്റെടുക്കുന്നു. യു.എന്‍ മധ്യസ്ഥതയില്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയിലാണ് ഹൂതികള്‍ പിന്മാറ്റം തുടങ്ങിയത്. സന്‍ആയിലേക്കുള്ള പ്രധാന പാത ഭാഗികമായി തുറന്നു കൊടുത്തിട്ടുണ്ട്. ഇതിനിടെ ഹൂതികള്‍ കരാര്‍ ലംഘിക്കുന്നതായി സഖ്യസേന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഹുദൈദ ഹൂതി നിയന്ത്രണത്തിലായ ശേഷം നിര്‍ത്തിവെച്ച ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ രണ്ടു ദിനം മുമ്പ് സമ്മതിച്ചിരുന്നു. മേഖലയുടെ നിയന്ത്രണം സര്‍ക്കാര്‍ നാവിക സേനക്ക് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഇത്. യു.എന്‍ മധ്യസ്ഥതയിലാണ് പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളെല്ലാം. പ്രധാന തീരുമാനങ്ങള്‍ക്ക് പിന്നാലെ സന്‍ആ-ഹുദൈദ പാതകളും തുറക്കാന്‍ കഴിഞ്ഞ ദിവസം ധാരണയായി. ഇതിന്റെ ഭാഗമായി തലസ്ഥാന നഗരമായ സന്‍ആയിലേക്കുള്ള പ്രധാന പാത ഭാഗികമായി തുറന്നു. വഴി നീളെ ഹൂതികള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചതിനാല്‍ ഇവ നീക്കിയാണ് ഗതാഗതം പുനസ്ഥാപിക്കുന്നത്.
ഇരു കക്ഷികള്‍ക്കുമിടയില്‍ വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ തീരുമാനം യു.എന്‍ പ്രഖ്യാപിച്ചത്. ഇതിനിടെ ഹൂതികള്‍ നിരവധി തവണ കരാര്‍ ലംഘിച്ചതായി സൌദി സഖ്യസേന റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നജ്റാന് നേരെ കഴിഞ്ഞ ദിവസം ഹൂതികള്‍ അയച്ച മിസൈല്‍ സൈന്യം തകര്‍ത്തിരുന്നു. ഈ വിഷയങ്ങള്‍ ഉന്നയിച്ച് യു.എന്‍ മധ്യസ്ഥനെ വിവരങ്ങള്‍ ധരിപ്പിക്കാനൊരുങ്ങുകയാണ് സഖ്യസേന.