ജര്‍മനിയില്‍ വിദേശികളെ ലക്ഷ്യം വെച്ച് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി
പരിക്കേറ്റവരില്‍ നാല് പേരും വിദേശികളാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ച് കയറി നാല് പേര്‍ക്ക് പരിക്ക്. വടക്കന്‍ ജര്‍മനിയിലെ ബൊട്ട്റോപ് പട്ടണത്തിലാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ നാല് പേരും വിദേശികളാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
50 വയസ്സ് പ്രായമുള്ള ജര്‍മന്‍കാരനാണ് കാര്‍ ഓടിച്ചിരുന്നത്. വിദേശികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തില്‍ കൂടുതലും വിദേശികളായിരുന്നു. ഇവരുടെ ഇടയിലേക്കാണ് കാര്‍ ഇടിച്ച് കയറ്റിയത്. ആക്രമണത്തിന് ശേഷം കാറുമായി കടന്ന ഇയാളെ എസ്സന്‍ പട്ടണത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ വിദേശികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയതായി പൊലീസ് പറഞ്ഞു. വിദേശികളെ കൊല്ലാന്‍ ഇയാള്‍ക്ക് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നതായി നോർത്ത് റിനെ - വെസ്റ്റ്ഫാലിയ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി ഹെർബർട്ട് റീലു പറഞ്ഞു.
പരിക്കേറ്റവരുടെ കൂട്ടത്തില്‍ സിറിയന്‍, അഫ്ഗാന്‍ പൌരന്‍മാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ വ്യക്തിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. അന്വേഷണം ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന് പിറകില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.