അമേരിക്കയില്‍ ട്രഷറി സ്തംഭനം ഇനിയും നീളുമെന്ന് വ്യക്തമാക്കി ട്രംപ്
അതിര്‍ത്തി മതിലിനെ ചൊല്ലി നിലപാട് കടുപ്പിച്ച ട്രംപ് ഒട്ടും തന്നെ മയപ്പെട്ടിട്ടില്ല. മെക്സിക്കന്‍ മതിലിനായി 5 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം സെനറ്റ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന്...
അമേരിക്കയില്‍ ട്രഷറി സ്തംഭനം ഇനിയും നീളുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന വിശദീകരണ യോഗത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കന്‍ ട്രഷറികള്‍ ഭാഗികമായി സ്തംഭിച്ചിട്ട് 12 ദിവസം പിന്നിടുന്നു. അതിര്‍ത്തി മതിലിനെ ചൊല്ലി നിലപാട് കടുപ്പിച്ച ട്രംപ് ഒട്ടും തന്നെ മയപ്പെട്ടിട്ടില്ല. മെക്സിക്കന്‍ മതിലിനായി 5 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം സെനറ്റ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 22നാണ് ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചത്. മതില്‍ എന്നത് ഏറെ പ്രാധാന്യം ഉള്ളതാണ്. പണം അനുവദിച്ചില്ലെങ്കിലും ട്രഷറി സ്തംഭനം ഇനിയും നീളുമെന്നും ട്രംപ് വ്യക്തമാക്കി. 2.5 ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന സ്വന്തം പാര്‍ട്ടിയുടെ വാഗ്‌ദാനം ട്രംപ് അംഗീകരിച്ചിട്ടില്ല.
നിലവില്‍ വേതനം ഇല്ലാതെയാണ് എട്ട് ലക്ഷത്തോളം ആളുകള്‍ ജോലി ചെയ്യുന്നത്. ട്രഷറികള്‍ അടഞ്ഞ് കിടക്കുന്നത് ഓഹരി വിപണിയേയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്നു. ട്രഷറി സ്തംഭനം ചര്‍ച്ച ചെയ്യാന്‍ യുഎസ് കോണ്‍ഗ്രസിലെ നേതാക്കളോട് വെള്ളിയാഴ്ച വൈറ്റ്ഹൌസിലെത്താന്‍ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.