സിറിയയില്‍ നിന്നുള്ള സൈന്യത്തിന്റെ പിന്‍മാറ്റം ഉപാധികളോടെ- ജോണ്‍ ബോള്‍ട്ടണ്‍
സിറിയയില്‍ കഴിഞ്ഞ ദിവസം ഐ.എസ് മിസൈല്‍ ആക്രമണത്തില്‍ 2 ബ്രിട്ടീഷ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു കുര്‍ദ് സൈനികനും ആക്രമണത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്
സിറിയയില്‍ നിന്നുള്ള സൈന്യത്തിന്റെ പിന്‍മാറ്റം ഉപാധികളോടെയായിരിക്കുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. കുര്‍ദ് പോരാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടികള്‍ വേഗത്തിലാക്കാത്തതെന്ന് ബോള്‍ട്ടന്‍ വ്യക്തമാക്കി.
2018 ഡിസംബര്‍ 19നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സിറിയയിലെ അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഐ.എസിന്റെ പതനം പൂര്‍ണമയെന്നും, 30 ദിവസത്തിനുള്ളില്‍ സൈന്യം മേഖല വിടുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈന്യത്തിന്റെ പിന്‍മാറ്റം ഉടനുണ്ടാകില്ലെന്നും ഉപാധികളോടെയായിരിക്കുമെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. മേഖലയില്‍ നിന്നും ഐ.എസ് പതനം പൂര്‍ണമായോയെന്നത് ഉറപ്പാക്കണം. കൂടാതെ, തങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയ കുര്‍ദുകളുടെ സുരക്ഷ സംബന്ധിച്ച് തുര്‍ക്കിയുടെ ഉറപ്പ് ആവശ്യമുണ്ടെന്നും ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ ബോള്‍ട്ടന്‍ പറഞ്ഞു.
ട്രംപിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ കടുത്ത നിലപാടില്‍ നിന്ന് അയയുന്നതാണ് ട്രംപിന്റെ ഞായറാഴ്ചത്തെ പ്രതികരണം. തങ്ങളുടെ സൈന്യത്തെ സിറിയയില്‍ നിന്നും മാറ്റുമെന്നും എന്നാല്‍ അത് വളരെപെട്ടെന്ന് ഉണ്ടാകുമെന്ന് പറഞ്ഞിട്ടില്ലെന്നും ട്രംപ് പറഞ്ഞു. സൈന്യത്തിന്റെ പിന്‍മാറ്റം സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പ്രതിരോധ സെക്രട്ടറിയായിരുന്ന ജിം മാറ്റിസും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബ്രറ്റ് മക്ഗര്‍ക്കും രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കെവിന്‍ സ്വീനിയും തന്റെ രാജി പ്രഖ്യാപിച്ചിരിക്കുന്നു. അനൌദ്യോഗിക വിവരമനുസരിച്ച് 2000 യു.എസ് സൈനികരാണ് സിറിയയില്‍ ഉള്ളത്. യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കും. സിറിയയില്‍ കഴിഞ്ഞ ദിവസം ഐ.എസ് മിസൈല്‍ ആക്രമണത്തില്‍ 2 ബ്രിട്ടീഷ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു കുര്‍ദ് സൈനികനും ആക്രമണത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.