ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു
കൊറിയയും അമേരിക്കയും നാമനിര്‍ദേശം ചെയ്തതോടെയാണ് ജിം യോങ് കിം ലോകബാങ്കിന്റെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്
ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ചു. ആറ് വര്‍ഷം മുമ്പാണ് ജിം യോങ് ലോകബാങ്കിന്റെ തലപ്പത്ത് എത്തുന്നത്. പ്രത്യേക കാരണമൊന്നും പറയാതെയാണ് അപ്രതീക്ഷിത രാജി.
ഫെബ്രുവരി ഒന്നു മുതല്‍ ജിം യോങ് കിം ലോകബാങ്കിന്റെ തലപ്പത്ത് ഉണ്ടാകില്ല. 2017ല്‍ രണ്ടാമതും ലോകബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിം യോങിന്റെ കാലാവധി 2022നാണ് പൂര്‍ത്തിയാകുന്നത്. അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമല്ല. ഇത്തരമൊരു ഉന്നത സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജിം യോങ് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ദാരിദ്ര്യം തുടച്ചു നീക്കുന്നതിനാണ് ഏറെ പ്രധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥാപനത്തില്‍ ജിം യോങ് കിം തുടരുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.
കൊറിയയും അമേരിക്കയും നാമനിര്‍ദേശം ചെയ്തതോടെയാണ് ജിം യോങ് കിം ലോകബാങ്കിന്റെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. ഒബാമ ഭരണകാലത്ത് സ്ഥാനമേറ്റ ജിമ്മിനെ കൊളംബിയ, നൈജീരിയ എന്നീ രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി യോജിച്ച് പോകാത്ത നിലപാടുകളാണ് ജിം യോങ് കിം സ്വീകരിച്ചുപോന്നത്. ചൈനക്ക് വായ്പ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് 2017 ഏപ്രിലില്‍ ഡൊണള്‍ഡ് ട്രംപ് കിമ്മിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. കൂടാതെ കല്‍ക്കരി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങളും ഉടലെടുത്തിരുന്നു. ലോകബാങ്ക് കല്‍ക്കരി വൈദ്യതി പദ്ധതികള്‍ക്ക് പിന്തുണ പിന്‍വലിച്ചെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ നവീകരണം വേണം എന്ന നിലപാടണ് ട്രംപിനുണ്ടായിരുന്നത്....അമേരിക്കയാണ് ലോകബാങ്ക് പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യുന്നത്....സിഇഒ ആയ ക്രിസ്റ്റലീന ജോര്‍ജീവ ഇടക്കാല പ്രസിഡന്റാകും.