അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്. ഇറാനെതിരായ നയതന്ത്ര സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യാത്ര. സന്ദര്‍ശനത്തിന്റെ ഭാഗമായി ജോര്‍ദാനിലെത്തിയ പോംപിയോ ജോര്‍ദാന്‍ വിദേശകാര്യമന്ത്രി ഐമന്‍ സഫാദിയുമായി കൂടിക്കാഴ്ച നടത്തി.
ഇറാനെതിരായ നയതന്ത്ര സമ്മര്‍ദം ശക്തമാക്കാനും ആ രാജ്യത്തിനെതിരായ ഭാവി നടപടികള്‍ക്ക് പിന്തുണ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം. ചൊവ്വാഴ്ച ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയ മൈക്ക് പോംപിയോ, മേഖലയില്‍ ഇറാന്റെ അപകടകരമായ സ്വാധീനത്തിനെതിരെ ജോര്‍ദാന്‍ നല്‍കുന്ന സംഭാവനകളെ മുക്തകണ്ഡം പ്രശംസിച്ചു.
‘മേഖലയില്‍ സമാധാനം നിലനിര്‍ത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനും നിര്‍ണായകമായ സംഭാവനകളാണ് നിങ്ങളുടെ രാഷ്ട്രം നല്‍കുന്നത്. ഇറാന്റെ അപകടകരമായ സ്വാധീനത്ത ചെറുത്ത് തോല്‍പ്പിക്കാനും നിങ്ങള്‍ക്ക് കഴിയുന്നുണ്ട്’; യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
നയതന്ത്ര സമ്മര്‍ദവും സാമ്പത്തിക ഉപരോധവുമടക്കം ഇറാനെതിരായ കൂടുതല്‍ നടപടികള്‍ ശക്തമാക്കാനുള്ളആലോചനയിലാണ് അമേരിക്ക എന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ തുടര്‍ന്ന് ഉടലെടുത്ത വിവാദങ്ങള്‍ക്കു പിന്നാലെയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം. യു.എസ് പിന്‍മാറ്റത്തോടെ മേഖലയില്‍ ഇറാനും തുര്‍ക്കിയും പിടിമുറുക്കുന്നതായ വാര്‍ത്തകളും അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ പശ്ചിമേഷ്യാ സന്ദര്‍ശനം. ജോര്‍ദാനു ശേഷം സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളും മൈക്ക് പോംപിയോ സന്ദര്‍ശിക്കുന്നുണ്ട്.