ചൈനയും യുഎസും തമ്മിലെ വ്യാപാര യുദ്ധത്തിന് അയവ്
ചൈന-യു.എസ് നയതന്ത്ര ബന്ധത്തിന്‍റെ നാല്‍പ്പതാം വാര്‍ഷികത്തിലാണ് ഇരു രാജ്യങ്ങളും പരസ്പര സഹകരണം ശക്തിപ്പെടുത്താനൊരുങ്ങുന്നത്
ചൈനയും യു.എസും തമ്മില്‍ ഉടലെടുത്ത വ്യാപാര യുദ്ധത്തിന് അയവ്. ഇരു രാജ്യങ്ങളും തമ്മിലെ സാങ്കേതിക കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ചൈന രംഗത്ത് വന്നു. ചൈന-യുഎസ് നയതന്ത്ര ബന്ധത്തിന്‍റെ നാല്‍പ്പതാം വാര്‍ഷികത്തിലാണ് ഇരു രാജ്യങ്ങളും പരസ്പര സഹകരണം ശക്തിപ്പെടുത്താനൊരുങ്ങുന്നത്. ചൈന-യു.എസ് വ്യാപാര യുദ്ധവും ഒപ്പം വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമായ സാഹചര്യത്തിലാണ് ചടങ്ങ് ശ്രദ്ധേയമാകുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര തര്‍ക്കങ്ങളില്‍ മഞ്ഞുരുക്കത്തിന്‍റെ സാധ്യതകളിലേക്കാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
അമേരിക്കന്‍ അംബാസഡര്‍ ടെറി ബ്രാന്‍സ്റ്റഡും അദ്ധേഹത്തിന്‍റെ ഓഫീസ് സ്റ്റാഫും ചടങ്ങില്‍ അതിഥികളായെത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര സഹായത്തിന്‍റെ സാധ്യതകളിലേക്ക് കൈപിടിക്കുന്ന തരത്തിലായിരുന്നു ചടങ്ങില്‍ ചൈനീസ് വൈസ് പ്രസിഡന്‍റ് വാങ് ഖ്വിഷാന്‍റെ വാക്കുകള്‍. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റും തമ്മില്‍ ഡിസംബറില്‍ നടന്ന മുഖാമുഖ ചര്‍ച്ചയോടെ മാസങ്ങള്‍ നീണ്ട വ്യാപാര യുദ്ധത്തിന് അയവ് വന്നിരുന്നു. എന്നാല്‍ അതിന് ശേഷവും ഇരു ഭാഗത്തെയും പ്രകോപിപ്പിക്കുന്ന തരത്തില്‍ സംഭവങ്ങളുണ്ടായി.
എന്നാല്‍ പുതിയ നീക്കങ്ങള്‍ പ്രശ്ന പരിഹാരം സാധ്യമാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സാങ്കേതിക കൈമാറ്റമടക്കമുള്ളവയില്‍ യുഎസുമായി സഹകരിക്കുമെന്ന് ചൈനീസ് വാണിജ്യകാര്യ മന്ത്രി വ്യക്തമാക്കുകയും ചെയ്തു.