മെക്‌സിക്കോയില്‍ ഇന്ധന പൈപ്പ് പൊട്ടിത്തെറിച്ച് 73 മരണം
ഇന്ധന മോഷ്ടാക്കള്‍ പൈപ്പ് ലൈന്‍ തുരന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പെട്രോളിയം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
മെക്‌സിക്കോയെ നടുക്കി ഇന്ധന പൈപ്പ് പൊട്ടിത്തെറി. വെള്ളിയാഴ്ച അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെക്‌സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള ടെലഹ്യൂലില്‍പെനിലാണ് വലിയ അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ പ്രായപൂര്‍ത്തിയെത്താത്തവരാണ്. പരിക്കേറ്റവരുടെ എണ്ണം 74 കടന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. ഇന്ധന മോഷ്ടാക്കള്‍ പൈപ്പ് ലൈന്‍ തുരന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പെട്രോളിയം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പെട്രോള്‍ എടുക്കാന്‍ നിരവധിയാളുകള്‍ കാനുകളുമായി എത്തിയതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊട്ടിത്തെറി നടന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് ഇത്രയും ജീവന്‍ പൊലിയാന്‍ കാരണമായതെന്നാണ് ജനങ്ങളുടെ ആരോപണം.
മെക്‌സിക്കോയില്‍ ഇന്ധനമോഷണം പതിവാണ്. പ്രസിഡന്റ് ലോപസ് ഒബ്‌റാഡര്‍ അധികാരത്തിലെത്തിയ ശേഷം പൈപ്പ് ലൈന്‍ സുരക്ഷക്കായി ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. 2013ലും 2012ലും മെക്‌സിക്കോയില്‍ സമാന സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. അന്ന് 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.