ട്രഷറി സ്തംഭനം; അമേരിക്കയിൽ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു
അമേരിക്കയിലെങ്ങും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ സർക്കാർ ജീവനക്കാർ വലയുന്ന കാഴ്ചയാണ്.
ട്രഷറി സ്തംഭനം ഒരു മാസം കടക്കുമ്പോൾ അമേരിക്കയിൽ ജീവിതം കൂടുതൽ ദുസ്സഹമാകുന്നു. അമേരിക്കയിലെങ്ങും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ സർക്കാർ ജീവനക്കാർ വലയുന്ന കാഴ്ചയാണ്. കഴിഞ്ഞവർഷം ഡിസംബർ 21 മുതലാണ് അമേരിക്കയിൽ ട്രഷറിസ്തംഭനം ഉണ്ടായത്. എട്ട് ലക്ഷം സർക്കാർ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയുമാണ് സ്തംഭനം ബാധിച്ചത്. ഭക്ഷണം സൌജന്യമായി ശേഖരിച്ച് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ സർക്കാർ ജീവനക്കാർക്കായി പ്രത്യേക വിഭാഗം തുറന്നിട്ടുണ്ട്. അഭിമാനപ്രശ്നം കാരണം ആരും തന്നെ എത്തുന്നില്ല. സ്തംഭനം തുടർന്നാൽ മാർച്ചോടെ പ്രവർത്തനം പൂർണമായും സ്തംഭിക്കുമെന്ന് ഭക്ഷണ ശേഖരണ-വിതരണ കേന്ദ്രത്തിലുള്ളവർ പറയുന്നു.
പണത്തെ ചൊല്ലിയുള്ളതല്ല നിലവിലെ പ്രതിസന്ധിയെന്നും അധികാര രാഷ്ട്രീയമാണ് നടക്കുന്നതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണത്തിന് പണം അനുവദിക്കാത്തതിനെ ചൊല്ലി യു.എസ് കോൺഗ്രസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ ഉടലെടുത്ത തർക്കമാണ് ട്രഷറി സ്തംഭനത്തിലേക്ക് വഴിവെച്ചത്. പണം അനുവദിച്ച് നൽകാതെ ശമ്പള ബില്ലുകളിലടക്കം ഒപ്പിടില്ലെന്ന നിലപാടിലാണ് ട്രംപ്.