വെനസ്വേലയില്‍ പ്രസിഡന്റിനെതിരെ രംഗത്തുവന്ന സൈനികരെ അറസ്റ്റ് ചെയ്തു
പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവിനെ പ്രസിഡന്റാക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സൈനികര്‍ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അറസ്റ്റ്
വെനസ്വേലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുരോക്കെതിരെ രംഗത്തുവന്ന സൈനികരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവിനെ പ്രസിഡന്റാക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സൈനികര്‍ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അറസ്റ്റ്. സൈനിക കേന്ദ്രത്തില്‍ നിന്ന് ആയുധം കൊള്ളയടിച്ചുവെന്നും ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയി എന്നുമാരോപിച്ചാണ് സൈനികരെ സര്ക്കാര് അറസ്റ്റ് ചെയ്തത്. നിക്കോളോസ് മഡുറോയെ തങ്ങള്‍ പ്രസിഡണ്ടായി അംഗീരക്കുന്നില്ലന്നും വഞ്ചനയിലൂടെയാണ് മഡുറോ അധികാരത്തിലേറിയതെന്നും പറഞ്ഞ് സൈനികര്‍ സോഷ്യല് മീഡിയയില് വീഡിയോ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകള്ക്കുള്ളില് തന്നെ സൈനികര് പിടിയിലായ വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടു.
മദുരോയുടെ ഭരണത്തിനെതിരായി രൂപംകൊണ്ട പ്രക്ഷോഭങ്ങള്‍ കടുത്ത ദുരിതങ്ങളാണ് രാജ്യത്തിന് സമ്മാനിച്ചത്. സാന്പത്തിക തകര്‍ച്ചയും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കി. ഇതിനിടെ ഒരു വിഭാഗം സൈനികരും സര്‍ക്കാറിനെതിരെ രംഗത്തുവന്നത് പ്രവചനാതീത സാഹചര്യങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. സൈന്യം ആവശ്യപ്പെട്ടാല്‍ മദുരോ സര്‍ക്കാറിനെ മറിച്ചിടാന്‍ തയ്യാറാണെന്ന് അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മദുരോക്കെതിരായ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വിമത സൈനികരെ അറസ്റ്റ് ചെയ്ത് സൈന്യത്തിനുള്ളിലെവിമത കലാപ നീക്കങ്ങളെ അടിച്ചമര്‍ത്തിയത് മദുരോ സര്‍ക്കാറിന് വലിയ ആത്മവിശ്വാസം പകരുന്നതാണ്.