രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉലഞ്ഞ് വെനസ്വേല

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ തന്നെ മദുറോ അനുകൂല പ്രകടനങ്ങള്‍ക്കും രാജ്യം സാക്ഷിയായി

Update: 2019-01-24 02:25 GMT

വന്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ട് വെനസ്വേല. പ്രസിഡന്റ് നിക്കോളാസ് മദുറോ ഭരണം ഒഴിയണമെന്നാവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപനം നടത്തിയ പ്രതിപക്ഷനേതാവ് ജ്വാന്‍ ഗെയ്ഡോയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തി. എന്നാല്‍ മദുറോയെ പിന്തുണക്കുന്ന നിലപാടാണ് സൈന്യം സ്വീകരിക്കുന്നത്.

രാജ്യം സാമ്പത്തിക തകര്‍ച്ച നേരിടുന്നെന്നും ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്നും പറഞ്ഞ ജ്യാന്‍ ഗെയ്ഡോ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു. 35-കാരനായ ഗെയ്ഡോയുടെ പ്രഖ്യാപനം വന്ന മണിക്കൂറുകള്‍ക്കകം പിന്തുണ അറിയിച്ച് അമേരിക്ക രംഗത്തെത്തി. പിന്നാലെ ഗെയ്ഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നെന്ന് ബ്രസീലും കൊളംബിയയും പെറുവും.

Advertising
Advertising

യു.എസ് നിലപാടിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുന്നതായിരുന്നു മദുറോയുടെ പിന്നീട് വന്ന തീരുമാനം. അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചെന്നും യു.എസ് നയതന്ത്രജ്ഞര്‍ 72 മണിക്കൂറിനകം രാജ്യം വിടണമെന്നും നിക്കോളാസ് മദുറോ ആവശ്യപ്പെട്ടു.

കൂടാതെ, ജനാധിപത്യ അട്ടിമറിക്ക് ശ്രമിച്ച ജ്വാന്‍ ഗെയ്ഡോക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ മദുറോക്ക് അധികാരമില്ലെന്നും മദുറോയുടെ ഭരണം അംഗീകരിക്കില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മദുറോ സൈന്യത്തിന്റെ സഹായം തേടി.

മദുറോക്ക് പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഖാനും വെനസ്വേലന്‍ പ്രതിരോധമന്ത്രിയും രംഗത്തുവന്നു. ബൊളീവിയയും ക്യൂബയും മദുറോയെ പിന്തുണച്ച് രംഗത്തെത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ തന്നെ മദുറോ അനുകൂല പ്രകടനങ്ങള്‍ക്കും രാജ്യം സാക്ഷിയായി.

Tags:    

Similar News