ക്രിപ്റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കാനൊരുങ്ങി ഇറാന്‍
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ക്രിപ്റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നത്.
അമേരിക്കയുടെ സാമ്പത്തിക ഉപരോധം ശക്തമായതോടെ ക്രിപ്റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കാനൊരുങ്ങി ഇറാന്‍. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ക്രിപ്റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നത്.
ബ്ലോക്ക് ചെയിന്‍ വിപ്ലവം എന്ന പേരില്‍ ടെഹ്റാനില്‍ തുടങ്ങുന്ന ദ്വിദിന വാര്‍ഷിക ഇലക്ട്രോണിക് ബാങ്കിങ് ആന്‍ഡ് പെയ്മെന്‍റ് സിസ്റ്റം കോണ്‍ഫറന്‍സിലാണ് ക്രിപ്റ്റോ കറന്‍സിക്ക് അംഗീകാരം നല്‍കുന്ന പ്രഖ്യാപനം ഉണ്ടായേക്കുക. രണ്ട് കൂട്ടര്‍ തമ്മിലുള്ള വ്യാപാരം കമ്പ്യൂട്ടര്‍ ശൃംഖലയുടെ സഹായത്തോടെ നടത്താകുന്ന തരത്തിലാകും വ്യാപാരം നിശ്ചയിക്കുക. ഇതിന്റെ ഇടപാടുകള്‍ മൂന്നാമതൊരു കക്ഷിക്ക് ലഭിക്കില്ല.
രാജ്യാന്തര സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന സ്വിഫ്റ്റ് കഴിഞ്ഞ നവംബറില്‍ ഇറാന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ ചുവട് പിടിച്ചായിരുന്നു ഇത്. സ്വിഫ്റ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഇറക്കുമതിക്കോ കയറ്റുമതിക്കോ ഉള്ള സാമ്പത്തിക വിനിമയം നില്‍ക്കും. പണത്തിന് പകരം മറ്റു മാര്‍ഗങ്ങള്‍ തേടുകയേ ഈ രാജ്യങ്ങള്‍ക്ക് നിവൃത്തിയുള്ളു. ഈ സാഹചര്യത്തില്‍ മൂന്നാംകക്ഷിക്ക് പങ്കില്ലാത്ത ക്രിപ്റ്റോ കറന്‍സിയിലേക്ക് ഇറാന്‍ തിരിഞ്ഞേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇറാന്‍ റിയാല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടോക്കണ്‍ ആയിട്ടായിരിക്കും ആദ്യഘട്ടത്തില്‍ ക്രിപ്റ്റോ കറന്‍സി പ്രവര്‍ത്തിക്കുക. ഇറാനിയന്‍ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും ആദ്യ ഘട്ടത്തില്‍ വ്യാപാര അനുമതി ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും സാധാരണ ഉപയോഗങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സി ഉപയോഗിക്കാം. എന്നാല്‍ മറ്റേതെങ്കിലും രാജ്യങ്ങള്‍ ക്രിപ്റ്റോ കറന്‍സിയുമായി സഹകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.