വീണ്ടും ട്രംപ്-കിം കൂടിക്കാഴ്ച്ച; വേദിയാകുന്നത് വിയറ്റ്നാം
കഴിഞ്ഞ ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വച്ചാണ് ട്രംപും ഉന്നുമായുള്ള ആദ്യ കൂടിക്കാഴ്ച്ച നടന്നത്
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ച്ച ഈ മാസം 27, 28 തിയതികളില്‍ നടക്കുമെന്ന് ട്രംപ് അറിയിച്ചു. വിയറ്റ്നാമാണ് കൂടിക്കാഴ്ച്ചയുടെ വേദി. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്താണ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം ഉച്ചകോടിയുടെ തിയതി പ്രഖ്യാപിച്ചത്. ഉത്തര കൊറിയയുമായുള്ള സമാധാന ചര്‍ച്ചക്കായി ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെങ്കിലും കിം ജോങ് ഉന്നുമായുള്ള എന്‍റെ ബന്ധം നല്ല രൂപത്തിലാണ്. ഞാനും കിമും ഫെബ്രുവരി 27, 28 തിയതികളില്‍ വിയറ്റ്നാമില്‍ വച്ച് കണ്ട്മുട്ടുമെന്ന് ട്രംപ് കോണ്‍ഗ്രസില്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന വിയറ്റ്നാമിന് അമേരിക്കയും ഉത്തര കൊറിയയുമായി നല്ല ബന്ധമാണുള്ളത്. ഈ കാരണത്താല്‍ തന്നെ കൂടിക്കാഴ്ച്ചയുടെ വേദി സംബന്ധിച്ച ചര്‍ച്ചകളില്‍ വിയറ്റ്നാമിന് വലിയ സാധ്യത നേരത്തെ തന്നെ കല്പിച്ചിരുന്നു. ഏത് നഗരമാണ് ഇരു ലോക നേതാക്കള്‍ക്കളെയും സ്വീകരിക്കുക എന്നത് സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം ട്രംപ് നല്‍കിയില്ലെങ്കിലും തലസ്ഥാന നഗരമായ ഹാനോയ്ക്കും ഡനാങ്ങ് നഗരത്തിനുമാണ് മാധ്യമങ്ങള്‍ കൂടുതല്‍ സാധ്യത നല്‍കുന്നത്.
കഴിഞ്ഞ ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വച്ചാണ് ട്രംപും ഉന്നുമായുള്ള ആദ്യ കൂടിക്കാഴ്ച്ച നടന്നത്. ഉത്തര കൊറിയ ആണവനിരായുധീകരണം നടത്തണമെന്നും അമേരിക്ക ഉത്തരകൊറിയക്കുനേരെ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കണമെന്നുമായിരുന്നു ആദ്യ ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍. പക്ഷേ ഇതൊന്നും നടന്നില്ല. ഇതോടെ കൂടിക്കാഴ്ച്ച പരാജയമായിരുന്നെന്ന് മറ്റ് ലോകരാജ്യങ്ങള്‍ വിലയിരുത്തിയിരുന്നു.
ട്രംപിന്‍റെ തീരുമാനത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു. ആദ്യത്തെ ട്രംപ് - കിം ഉച്ചകോടിക്ക് മധ്യസ്ഥത വഹിച്ചത് ദക്ഷിണ കൊറിയയായിരുന്നു.
തോക്കും കത്തിയും ചൂണ്ടിക്കാണിച്ച് നിന്നിരുന്ന വിയറ്റ്നാമും അമേരിക്കയും ഇപ്പോൾ സുഹൃത്തുക്കളാണ്. ഉത്തര കൊറിയ - അമേരിക്ക സംഗമത്തിന് വേദിയാകുന്ന വിയറ്റ്നാമിന് മികച്ച ആതിഥേയരാകാനും ചരിത്രം സ്യഷ്ടിക്കാനും സാധിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ദക്ഷിണ കൊറിയന്‍ വക്താവ് കിം യു ക്യോം പറഞ്ഞു. ഉച്ചകോടിക്ക് വേദിയാകുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് വിയറ്റ്നാമും രംഗത്തെത്തിയിട്ടുണ്ട്.