അടുത്ത അഞ്ച് വര്‍ഷം ലോകം കടുത്ത ചൂടിലേക്കാണ് നീങ്ങുന്നത്- യു.എന്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.എസിനു മാത്രം നേരിടേണ്ടി വന്നത് 14 പ്രകൃതി ദുരന്തങ്ങളാണ്
അടുത്ത അഞ്ച് വര്‍ഷം ലോകം കടുത്ത ചൂടിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലാണെന്നും യു.എന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ യു.എന്നിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.എം.ഒയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭൂമിക്ക് ഭീഷണിയാകും വിധം താപനിലയില്‍ വന്‍ വര്‍ധനവാണ് വരും വര്‍ഷങ്ങളിലുണ്ടാവുക. പതിനെട്ടാം നൂറ്റാണ്ടിനേക്കാള്‍ ഉപരിതല താപനില കഴിഞ്ഞ വര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ്‍ വര്‍ധിച്ചതായും ഡബ്ല്യു.എം.ഒ റിപ്പോര്‍ട്ടിലുണ്ട്.
യു.എസ്, ബ്രിട്ടണ്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ കാലാവസ്ഥാ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആഗോള താപനം നിയന്ത്രിക്കാന്‍ രൂപം കൊടുത്ത പാരീസ് ഉടമ്പടിയും ഫലപ്രദമായില്ലെന്നാണ് വിലയിരുത്തല്‍. ജൈവ ഇന്ധനത്തിന്റെ ഉപയോഗം കുറക്കുക, താപനിലയിലെ വര്‍ധനവ് വ്യാവസായിക വിപ്ലവ കാലത്തേക്കാള്‍ രണ്ട് ഡിഗ്രി മാത്രം ഉയരാന്‍ അനുവദിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍.
ഇത് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ഇത് നടപ്പാകില്ലെന്ന് മാത്രമല്ല 2100 ആകുമ്പോഴേക്കും താപനിലയില്‍ മൂന്ന് ഡിഗ്രിയിലേറെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.എസിനു മാത്രം നേരിടേണ്ടി വന്നത് 14 പ്രകൃതി ദുരന്തങ്ങളാണ്. ഓരോന്നും സൃഷ്ടിച്ചത് ശരാശരി 100 കോടി ഡോളറിന്റെ നാശന്ഷ്ടവും.