ലാന്‍ഡിങിനിടെ ‘നിലത്തിടിച്ച്’ വീണ്ടും പൊങ്ങിപ്പറന്ന് ഹൈദരാബാദ് - ലണ്ടന്‍ വിമാനം; വന്‍ ദുരന്തം ഒഴിവായി
എന്നാല്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ ഹൈദരാബാദ് - ലണ്ടന്‍ വിമാനം നൂലിഴയ്ക്ക് രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നാണ്.
ശക്തമായ കാറ്റുള്ളപ്പോള്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനമിറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ്. ശക്തമായ കാറ്റില്‍ ആടിയുലയുന്ന വിമാനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ മുമ്പ് പലവട്ടം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
എന്നാല്‍ ബ്രിട്ടീഷ് എയര്‍വേസിന്റെ ഹൈദരാബാദ് - ലണ്ടന്‍ വിമാനം നൂലിഴയ്ക്ക് രക്ഷപെട്ടത് വന്‍ ദുരന്തത്തില്‍ നിന്നായിരുന്നു. ലോകത്തെ സുപ്രധാന വ്യോമഗതാഗത കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു ബ്രിട്ടീഷ് എയര്‍വേസിന്റെ 276 വിമാനം. എന്നാല്‍ റണ്‍വേയിലേക്ക് താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം കൈവിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച് വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു. എന്നാല്‍ മനസാന്നിധ്യം കൈവിടാതെ പൈലറ്റ് വിമാനത്തെ വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. ഞൊടിയിടയില്‍ പൈലറ്റെടുത്ത തീരുമാനമാണ് വന്‍ദുരന്തം ഒഴിവാകാന്‍ കാരണം. ഏതായാലും പൈലറ്റിനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. ട്വിറ്ററില്‍ മാത്രം 30 ലക്ഷം പേരാണ് ഈ വീഡിയോ ഒരു ദിവസം കൊണ്ട് കണ്ടത്.