വെനസ്വേലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയില്‍
ആശുപത്രികളില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ല, മരുന്നോ സിറിഞ്ചുകളോ മറ്റു അവശ്യ ചികിത്സാ സംവിധാനങ്ങളോ ഇല്ല
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ വെനസ്വേലയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയില്‍. രാജ്യത്തെ ശിശുമരണം ക്രമാതീതമായി കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ മറ്റു സൌകര്യങ്ങളോ ഇല്ലാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ അധികാരത്തര്‍ക്കങ്ങള്‍ക്കിടയില്‍ ആരും കാണാതെ പോയ പൌരന്മാരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റിപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
തലസ്ഥാനമായ കരാക്കസില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെയുള്ള ഒരു ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മരിച്ചത് 14 കുട്ടികളാണ്. രാജ്യത്തെ കുട്ടികളില്‍ രോഗ പ്രതിരോധ ശേഷി തീരെ കുറവായത് കാരണം ശുദ്ധ ജലത്തിന്റെയും പോഷരകാഹാരത്തിന്റെയും അപര്യാപ്തതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആശുപത്രികളില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ല, മരുന്നോ സിറിഞ്ചുകളോ മറ്റു അവശ്യ ചികിത്സാ സംവിധാനങ്ങളോ ഇല്ല. അസുഖബാധിതരായ കുട്ടികള്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കാനാവുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി പ്രസിഡന്റ് നിക്കോളാസ് മദൂറോ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശകത്മാണ്.
ആരോഗ്യ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മദൂറോ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അമേരിക്കയുടെ സഹായങ്ങളും മദൂറോ നിരസിച്ചു. തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും രൂക്ഷമായതിനെ തുടര്‍ന്ന് മുപ്പത് ലക്ഷത്തിലേറെ പേരാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയത്