എബോള ബാധ; കോങ്കോയില്‍ മരണസംഖ്യ 500 കടന്നു

Update: 2019-02-10 03:53 GMT

എബോള ബാധ രൂക്ഷമായ കോങ്കോയില്‍ മരണസംഖ്യ കൂടി. ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് മരണസംഖ്യ 500 കടന്നു. അതേസമയം പലരും പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യസമയത്ത് എടുത്തത് വൈറസ് പടരുന്നത് തടയാനായെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ചരിത്രത്തിലാദ്യമായാണ് എബോള മരണസംഖ്യ ഇത്രയും അധികം ഉയരുന്നത്.

കഴിഞ്ഞ കുറേ നാളുകളായി കോങ്കോ എബോള ബാധയുടെ ഭീതിയിലാണ്. എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും കൂടി 502 പേര്‍ മരിച്ചുവെന്നാണ് കോങ്കോ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന പുതിയ കണക്ക്. 271 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. അതേസമയം കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തവര്‍ക്ക് വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാനായി. 76,425 പേര്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം ആളുകള്‍ കുത്തിവെപ്പെടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. കുത്തിവെപ്പ് എടുത്തതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളില്‍ വൈറസിന്റെ വ്യാപ്തി തടയാനായെന്നും പ്രധാന വെല്ലുവിളി കൂടിയ ജനസംഖ്യയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉഗാണ്ടയുടെയും റുവാണ്ടയുടെയും അതിര്‍ത്തിക്ക് അടുത്തുള്ള കിവു പ്രദേശത്താണ് എബോള ബാധ ഇത്തവണ ആദ്യം കാണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു അത്. വൈറസ് പടര്‍ന്ന് നിരവധി പേരിലേക്ക് എത്തിയതോടെ ഉഗാണ്ടയിലും റുവാണ്ടയിലും ഭീതി ഉയര്‍ന്നു. ഇരു രാജ്യങ്ങളിലും ജാഗ്രത തുടരുകയാണ്.

ശരീര ദ്രവങ്ങളിലൂടെയാണ് എബോള വൈറസ് പടരുന്നത്. ഇത് പിന്നീട് ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. 1976-ലായിരുന്നു ആദ്യമായി എബോള വൈറസ് കണ്ടെത്തിയത്.

Tags:    

Similar News