അമേരിക്കയില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സെനറ്റ്
മെക്സിക്കന്‍ അതിര്‍ത്തിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് വേലി കെട്ടുന്നതിന് 137 കോടി അനുവദിക്കാനാണ് സെനറ്റിന്റെ തീരുമാനം
അമേരിക്കയില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സെനറ്റ്. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയ ധാരണയുണ്ടാക്കി. മെക്സിക്കന്‍ അതിര്‍ത്തിയില്‍ സ്റ്റീല്‍ ഉപയോഗിച്ച് വേലി കെട്ടുന്നതിന് 137 കോടി അനുവദിക്കാനാണ് സെനറ്റിന്റെ തീരുമാനം. നേരത്തെയുണ്ടായ ഭരണസ്തംഭനം മൂലം ഏറെ പഴി കേൾക്കേണ്ടി വന്ന ഡോണള്‍ഡ് ട്രംപ് പുതിയ തീരുമാനം അംഗീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ ഇനിയും ഒരു ഭരണസ്തംഭനം ഉണ്ടാകുന്നതിനെ റിപ്പബ്ലിക്കുകളും ഒപ്പം ഡെമോക്രാറ്റുകളും ഭയക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് 570 കോടി ഡോളര്‍ അനുവദിക്കണമെന്ന ആവശ്യം ട്രംപ് മയപ്പെടുത്തിയേക്കും. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഡെമോക്രാറ്റ് , റിപബ്ലിക്കന്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.മെക്സിക്കന്‍ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതിലിനു പകരം 88 കിലോ മീറ്റര്‍ വേലികെട്ടും. ഇതിനായി 137 കോടി ഡോളര്‍ അനുവദിച്ചതായാണ് വിവരം.കോണ്‍ക്രീറ്റ് മതില്‍ പണിയാന്‍ 570 കോടി ഡോളര്‍ അനുവദിക്കണമെന്നായിരുന്നു നേരത്തെ ട്രംപിന്റെ ആവശ്യം.
ഭരണ പ്രതിസന്ധി ഒഴിവാക്കാന്‍ ഈ ആവശ്യത്തില്‍ നിന്നും ട്രംപ് തത്കാലം പിന്മാറിയെന്നാണ് വിവരം. എന്നാല്‍ കരാറിന്റെ അന്തിമ രൂപം പുറത്ത് വിട്ടിട്ടില്ല. ഈ ആഴ്ച തന്നെ കരാര്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ചത്തോടെ ബില്ലിന് അംഗീകാരം ലഭിച്ചേക്കും. ഈ ദിവസമാണ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ധനവിനിയോഗ അനുമതി തീരുന്നത്. മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിലുടക്കി 35 ദിവസം നീണ്ട ഭരണസ്തംഭനത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്.