ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്ക

ചൈനയുമായി വളരെ നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Update: 2019-02-14 04:17 GMT

ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി അമേരിക്ക. വ്യാപാര കാര്യങ്ങളില്‍ ചൈനയുമായി ചർച്ച നടത്താന്‍ ഈ ആഴ്ച തന്നെ വിദഗ്ധ സംഘത്തെ ബെയ്ജിങിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ചൈനയും അമേരിക്കയും തമ്മില്‍ നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് താല്‍കാലിക അയവുവരുന്നത് കഴിഞ്ഞ ഡിസംബറില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ്. അന്ന് ഇരു രാഷ്ട്ര തലവന്മാരും നടത്തിയ കൂടിക്കാഴ്ചയില്‍ ഉൽപന്നങ്ങൾക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ല എന്ന ധാരണയിലെത്തി. പിന്നീട് വ്യാപാര ബന്ധം സുഗമമാക്കാന്‍ ഇരു രാജ്യങ്ങളും പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ചൈനയുമായുള്ള വ്യാപാര ബന്ധം ദൃഢമാക്കുന്നതിനായി ചൈനയിലേക്ക് അടുത്ത ആഴ്ച തന്നെ വിദഗ്ധ സംഘത്തെ അയക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈനയുമായി വളരെ നല്ല ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90 ദിവസത്തെ ഉപരോധം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകൾ നടത്തുന്നുണ്ടെങ്കിലും മാര്‍ച്ച് ഒന്നിനുള്ളില്‍ പുതിയ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഏർപ്പെടുത്താനാണ് സാധ്യത.

Tags:    

Similar News