ലൈംഗികാരോപണം: കര്‍ദിനാളിന്റെ പൗരോഹിത്യം വത്തിക്കാന്‍ റദ്ദാക്കി
ആധുനിക സഭാ ചരിത്രത്തില്‍ പീഡനാരോപണങ്ങളെ തുടര്‍ന്ന് പദവി ഒഴിയേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന പുരോഹിതനാണ് തിയോഡോര്‍ മക് കാരിക്ക്.
ലൈംഗികാരോപണത്തെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ കര്‍ദിനാള്‍ തിയഡോര്‍ മക് കാരിക്കിന്റെ പൗരോഹിത്യം വത്തിക്കാന്‍ റദ്ദാക്കി. വാഷിങ്ടണ്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മക് കാരിക്കിനെ നേരത്തെ കര്‍ദിനാള്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതടക്കം മക് കാരിക്കിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ സഭ നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് വത്തിക്കാന്‍ നടപടി.
ആധുനിക സഭാ ചരിത്രത്തില്‍ പീഡനാരോപണങ്ങളെ തുടര്‍ന്ന് പദവി ഒഴിയേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന പുരോഹിതനാണ് തിയോഡോര്‍ മക് കാരിക്ക്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നിനോട് മാത്രം പ്രതികരിക്കാന്‍ തയ്യാറായ മക്കാരിക്ക് 16 വയസുകാരനെ പീഡിപ്പിച്ച കേസില്‍, 50 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ ഓര്‍മ്മയില്ല എന്നാണ് പഞ്ഞത്. എന്നാല്‍ സെമിനാരി പഠനകാലത്ത് മക് കാരിക് പീഡിപ്പിച്ചതായി നിരവധി പുരോഹിതന്മാരും മുന്‍ പുരോഹിതന്മാരും ആരോപിച്ചിരുന്നു.
അധികാരമുപയോഗിച്ച് മക് കാരിക്ക് ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നാണ് പൂര്‍വ വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മക് കാരിക്ക് തയ്യാറായില്ല. കര്‍ദിനാള്‍ പദവിയില്‍ നിന്നൊഴിവാക്കുകയും പൗരോഹിത്യം റദ്ദാക്കുകയും ചെയ്ത വത്തിക്കാന്‍ നടപടിക്കെതിരെ മക് കാരിക്ക് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് അനുവദിച്ചില്ല. ഈ വിഷയത്തില്‍ ഇനി അപ്പീല്‍ അനുവദിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.