സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് ട്രംപ്

അല്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. 800 ഭീകരരെയാണ് സിറിയയില്‍ നിന്ന് പിടികൂടിയത്..

Update: 2019-02-18 02:33 GMT

സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അല്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി. 800 ഭീകരരെയാണ് സിറിയയില്‍ നിന്ന് പിടികൂടിയത്.

ഇന്നലെ ട്വിറ്ററിലൂടെയാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. സിറിയയില്‍ നിന്ന് പിടികൂടിയ ഭീകരരെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യൂറോപ്യൻ സഖ്യരാജ്യങ്ങൾ സ്വീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. സിറിയയിൽ ഐ.എസിന്റെ പതനം ഉറപ്പായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപിന്റെ ആവശ്യം യൂറോപ്യൻ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും സഖ്യകക്ഷികൾ ആശങ്കയോടെയാണ് കാണുന്നത്. കിഴക്കൻ സിറിയയിലെ ഐ.എസിന്റെ അവസാന ശക്തികേന്ദ്രങ്ങളിൽ ഒരാഴ്ച മുമ്പാണ് യു.എസ് പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്.ഡി.എഫ്) പോരാട്ടം ശക്തമാക്കിയത്.

ഇറാഖുമായി അതിർത്തി പങ്കിടുന്ന ബഖൂസ് എന്ന ഗ്രാമത്തിലായിരുന്നു ഐ.എസ് തമ്പടിച്ചിരുന്നത്. എസ്.ഡി.എഫ് പോരാട്ടത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ ട്വീറ്റ്. ഭീകരർ യൂറോപ്പിലേക്ക് തിരിച്ചെത്തുന്നതില്‍ ബ്രിട്ടന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഐ.എസിൽ ചേർന്നവരെ തിരികെ സ്വീകരിക്കാൻ ഫ്രാൻസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഭീകരരെ യൂറോപ്യൻ രാജ്യങ്ങൾ ജയിലിലടച്ച് വിചാരണ നടത്തണമെന്നാണ് ട്രംപിന്റെ ആവശ്യം.

Tags:    

Similar News