വൈദികരുടെ ലൈംഗികാതിക്രമം: മാര്‍പാപ്പ വിളിച്ച അസാധാരണ സമ്മേളനം തുടരുന്നു
130 രാജ്യങ്ങളില്‍ നിന്നായി 180 ബിഷപ്പുമാരും 10 കന്യാസ്ത്രീകളും നാല് ദിവസം നീളുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പുമാരുടെ യോഗത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. പുരോഹിതന്മാര്‍ക്കെതിരായ ലൈംഗികാരോപണങ്ങൾ വര്‍ധിച്ച സാഹചര്യത്തില്‍ മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ബിഷപ്പുമാരുടെ യോഗം വത്തിക്കാനില്‍ തുടരുകയാണ്.
ലോകത്താകമാനം ക്രിസ്തീയ സഭകളെ പ്രതിക്കൂട്ടിലാക്കുന്ന ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ചരിത്രത്തില്‍ ആദ്യമായി മാര്‍പാപ്പ യോഗം വിളിച്ചു ചേര്‍ക്കുന്നത്. 130 രാജ്യങ്ങളില്‍ നിന്നായി 180 ബിഷപ്പുമാരും 10 കന്യാസ്ത്രീകളും നാല് ദിവസം നീളുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
വികാര നിര്‍ഭരമായാണ് യോഗത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്തത്. നീതിക്കായുള്ള കുരുന്നുകളുടെ കരച്ചില്‍ കേൾക്കാതെ പോകരുതെന്ന് മാര്‍പാപ്പ പറഞ്ഞു. അതിക്രമങ്ങളെ കേവലം അപലപിച്ചാല്‍ മാത്രം പോരാ. ശക്തമായ നടപടി വേണമെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായി ക്രൈസ്തവ സഭയ്ക്ക് മേല്‍ നിഴല്‍ വീഴ്ത്തുന്ന ബാലപീഡനത്തിന് അവസാനമുണ്ടാക്കാനുള്ള നടപടിയുടെ ആദ്യ പടിയായാണ് മാര്‍പാപ്പയുടെ അധ്യക്ഷതയിലുള്ള ഈ യോഗത്തെ നോക്കിക്കാണുന്നത്.