സുഡാനില്‍ അടിയന്തരാവസ്ഥ
പ്രസിഡന്റിനെതിരെ രാജ്യത്ത് പ്രതിഷേധം കനത്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.
സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭയുടേയും പ്രാദേശിക സര്‍ക്കാരുകളുടേയും പ്രവര്‍ത്തനം മരവിപ്പിച്ചു. പ്രസിഡന്റിനെതിരെ രാജ്യത്ത് പ്രതിഷേധം കനത്തതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.
വെള്ളിയാഴ്ച ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഉമര്‍ അല്‍ ബഷീര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടുത്ത തവണ കൂടി തന്നെ പ്രസിഡന്റായി നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നീട്ടിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 19 മുതല്‍ ബശാറിനെതിരെ രാജ്യത്ത് ദിനേന കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. റൊട്ടിക്കും ഇന്ധനത്തിനും ഉണ്ടായ വിലവര്‍ധനവിനെതിരെ വടക്കന്‍ സുഡാനില്‍ ആരംഭിച്ച പ്രതിഷേധം പൊടുന്നനെയാണ് രാജ്യവ്യാപകമായത്. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ 40 ഓളം പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
എന്നാല്‍ നല്ലൊരുവ ഭാവി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാരായ യുവാക്കളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ബഷീര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയുടെ സമയം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 75 കാരനായ ഉമര്‍ അല്‍ ബഷീര്‍ 1989 ല്‍ അട്ടിമറിയിലൂടെയാണ് അധികാരത്തിലെത്തിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ചാണ് അധികാരത്തില്‍ തുടര്‍ന്നത്.