ട്രംപ്-കിം ചര്‍ച്ച; രണ്ടാം ഉച്ചകോടിക്കൊരുങ്ങി വിയറ്റ്നാം
ലോകം കാത്തിരിക്കുന്ന രണ്ടാം ഉച്ചകോടിക്ക് ഇനി മൂന്ന് നാള്‍ മാത്രമാണ് ബാക്കിയുള്ളത്. ട്രംപ്-കിം ഉച്ചകോടിക്കായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് വിയറ്റ്നാം. കൊറിയന്‍ ഉപദ്വീപില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചകോടിക്ക് ആഥിത്യം വഹിക്കുന്നതെന്നും വിയറ്റ്നാം വിദേശകാര്യമന്ത്രി പറഞ്ഞു.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രണ്ടാം ഉച്ചകോടിക്ക് ഇനി ബാക്കിയുള്ളത് നാലു നാള്‍ മാത്രം. 27, 28 തീയതികളില്‍ നടക്കുന്ന നിര്‍ണ്ണായകമായ കൂടിക്കാഴ്ചക്കായി എത്തുന്ന രാഷ്ട്ര നേതാക്കളെ സ്വീകരിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് വിയറ്റ്നാമിലെ ഹനോ നഗരം. ഉത്തര കൊറിയയുടെയും അമേരിക്കയുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് കൂടിക്കാഴ്ചക്ക് ആതിഥ്യമരുളാന്‍ തീരുമാനിച്ചതെന്ന് വിയറ്റ്നാം വിദേശകാര്യമന്ത്രി ഫാം ബിന്‍ മിന്‍ പറഞ്ഞു.
നഗരം മോടിപിടിപ്പിക്കുന്ന ജോലികള്‍ ഹനോയില്‍ പുരോഗമിക്കുകയാണ്. ഹനോയില്‍ വിയറ്റ്നാം സര്‍ക്കാര്‍ ഒരുക്കിയ മീഡിയ സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്നലെ നടന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ സൌകര്യങ്ങളും സുരക്ഷയും ഒരുക്കാനുള്ള ശ്രമത്തിലാണ് വിയറ്റനാം സര്‍ക്കാര്‍.
ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ആദ്യ ഉച്ചകോടി കൈക്കൊണ്ട തീരുമാനം ഫലപ്രദമായി നടപ്പാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ രണ്ടാം ഉച്ചകോടിയില്‍ എന്തെല്ലാം ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുമെന്ന ആകാംക്ഷയില്‍ എല്ലാ കണ്ണുകളും ഇനി വിയറ്റ്നാമിലേക്കാണ്.