ബ്രെക്സിറ്റ്; ബ്രിട്ടനില്‍ അവ്യക്തത തുടരുന്നു
ബ്രെക്സിറ്റ് നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ബ്രിട്ടനില്‍ അവ്യക്തത തുടരുന്നു. മാര്‍ച്ച് 29ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു
ബ്രെക്സിറ്റ് നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ ബ്രിട്ടനില്‍ അവ്യക്തത തുടരുന്നു. മാര്‍ച്ച് 29ന് തന്നെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ നീട്ടിവെക്കലാണ് യുക്തിസഹമായ പരിഹാരമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ് നടപടികള്‍ വൈകിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിലും ശക്തമാണ്.
നല്ല രീതിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുന്നതിനെ ക്കുറിച്ചാണ് ചിന്തിക്കുന്നതെന്നായിരുന്നു ബ്രെക്സിറ്റിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ മേയുടെ പ്രതികരണം. യൂറോപ്യന്‍ നേതാക്കളില്‍ നിന്ന് ഇത്തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും മെയ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍- ലീഗ് ഓഫ് അറബ് സ്റ്റേറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഈജിപ്തിലെത്തിയപ്പോഴായിരുന്നു മേ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 12ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉടമ്പടി സംബന്ധിച്ച് നടക്കുന്ന വോട്ടെടുപ്പില്‍ എം.പിമാര്‍ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും മെയ് അറിയിച്ചു.
അതേസമയം ബ്രെക്സിറ്റ് നടപടികള്‍ നീട്ടിവെക്കലാണ് യുക്തിസഹമായ പരിഹാരമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോണള്‍ഡ് ടസ്ക് പറഞ്ഞു. എന്നാല്‍ പ്രതിസന്ധി പരിഹരിച്ച് ബ്രെക്സിറ്റ് നടപ്പാക്കാനാകുമെന്നാണ് മെയ് വിശ്വസിക്കുന്നതെന്നും ടസ്ക് കൂട്ടിച്ചേര്‍ത്തു. ഉടമ്പടിയില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പോകുന്നത് ഒഴിവാക്കാന്‍ സമയം തേടണമെന്ന് ചില കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരും ആവശ്യപ്പെട്ടു.