ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ തുടങ്ങും
വിയറ്റ്നാമില്‍ നടക്കുന്ന ഉച്ചകോടി രണ്ട് ദിവസം നീണ്ടുനില്‍ക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ തുടങ്ങും. വിയറ്റ്നാമില്‍ നടക്കുന്ന ഉച്ചകോടി രണ്ട് ദിവസം നീണ്ടുനില്‍ക്കും. ഇരു രാഷ്ട്രത്തലവന്മാരെയും സ്വാഗതം ചെയ്യാന്‍ തലസ്ഥാനമായ ഹാനോയ് സജ്ജമായിക്കഴിഞ്ഞു. സുരക്ഷയും ശക്തമാണ്.
ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം തന്നെ ട്രെയിന്‍ മാര്‍ഗം വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വിയറ്റ്നാം അതിര്‍ത്തിയിലെ ഡോങ് ഡാങ് റെയില്‍വേ സ്റ്റേഷനിലാണ് അദ്ദേഹം വന്നിറങ്ങുക. സ്റ്റേഷനില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് വേദിയാകുന്ന തലസ്ഥാനമായ ഹാനോയിലും സുരക്ഷ ശക്തമാണ്. സുരക്ഷയുടെ ഭാഗമായി നിരവധി പൊലീസുകാരും പട്ടാളക്കാരും തെരുവുകളില്‍ പട്രോളിങ് നടത്തിക്കൊണ്ടിരിക്കുകയാണ്.
മെച്ചപ്പെട്ട സുരക്ഷ തന്നെ നല്‍കാന്‍ രാജ്യം പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. ഇരു രാഷ്ട്രത്തലവന്മാരെയും സ്വീകരിക്കാന്‍ സജ്ജമാണ് ഹാനോയ് നഗരം. ഹാനോയിലെ വിവിധയിടങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണ വിഷയത്തില്‍ നിര്‍ണായക തീരുമാനം രണ്ടാം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് സൂചന. സിംഗപ്പൂരിലായിരുന്നു ട്രംപും ഉന്നും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച