അമേരിക്ക-ചെെന വ്യാപാര തര്‍ക്കം അന്ത്യത്തിലേക്ക്
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരതര്‍ക്കം അവസാനത്തിലേക്കെന്ന് സൂചന. അമേരിക്കയുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന ചുമത്തിയ നികുതി എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് പറഞ്ഞു.
മാര്‍ച്ച് ഒന്ന് മുതല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക 25 ശതമാനം അധിക നികുതി ചുമത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതാകാം അമേരിക്ക മുന്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ കാരണം. എന്നാല്‍ അമേരിക്കയുടെ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
ബീഫ്, പോര്‍ക്ക് ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ഷിക ഉത്പന്നങ്ങളുടെയും നികുതി ഒഴിവാക്കണമെന്ന് ചൈനയോട് ആവശ്യപ്പെടുന്നതായി ട്രംപ് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിക്കുകയാണ്, മാര്‍ച്ച് ഒന്നിന് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്താനുള്ള നീക്കം പിന്‍വലിക്കുകയാണ് എന്നിങ്ങനെയാണ് ട്രംപിന്റെ ട്വീറ്റ്. ഇതോടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ള വ്യാപാര തര്‍ക്കം അവസാനിക്കുമെന്നാണ് പ്രതീക്ഷ.