ആണവായുധങ്ങള്‍ കൈവശം വെച്ചാല്‍ ഉത്തരകൊറിയക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടാകില്ലെന്ന് ട്രംപ്

ട്രംപ് -കിം രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം

Update: 2019-03-04 02:26 GMT

ആണവായുധങ്ങള്‍ കൈവശം വെക്കുകയാണെങ്കില്‍ ഉത്തരകൊറിയക്ക് ഒരു സാമ്പത്തിക വളര്‍ച്ചയുമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഈ വിഷയത്തില്‍ അമേരിക്കയുമായി കരാറിലെത്തിയാല്‍ സാമ്പത്തികരംഗം വളരുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ മാസം 27, 28 തിയതികളില്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയില്‍ നടന്ന ട്രംപ് -കിം രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ആണവായുധങ്ങള്‍ കൈവശം വെക്കുകയാണെങ്കില്‍ ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന് പറഞ്ഞ ട്രംപ് ഇതിന് പരിഹാരമായി മുന്നോട്ട് വെച്ചത് അമേരിക്കയുമായി ധാരണയിലെത്തുക എന്നതാണ്. പ്രത്യക്ഷത്തില്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ വളരെ ശക്തമായ ബന്ധമാണുള്ളതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഹാനോയ് ഉച്ചകോടിയില്‍ കിം ജോങ് ഉന്നുമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്നും തങ്ങള്‍ തമ്മില്‍ തുടരുന്ന ദൃഢബന്ധം മികച്ച ധാരണകളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അടുത്ത കൂടിക്കാഴ്ച്ച എപ്പോഴായിരിക്കുമെന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News