ഫലസ്തീനിലെ അല്‍ അഖ്സ പള്ളിയില്‍ പ്രവേശനം നിഷേധിച്ച ഇസ്രായേലി കോടതി വിധിക്കെതിരെ മുസ്‍ലിം നേതൃത്വം രംഗത്ത്
അല്‍ റഹ്മ കവാടം അടച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് വഖഫ് കൗണ്‍സില്‍
ഫലസ്തീനിലെ അല്‍ അഖ്സ മസ്ജിദിലെ പ്രവേശനം നിരോധിച്ച ഇസ്രായേലി കോടതി വിധിക്കെതിരെ മുസ്‍ലിം നേതൃത്വം രംഗത്ത്. അഖ്സയില്‍ നിന്നും വിശ്വാസികളെ തടയുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചകളില്‍ സംഘര്‍ഷം പതിവാണ്.
ജറുസലമിലെ അല്‍ അഖ്സ മസ്ജിദിന്റെ ബാബു റഹ്മ എന്ന കവാടം അടച്ചിടാനാണ് ഇസ്രായേല്‍ കോടതിയുടെ ഉത്തരവ്. ഇതംഗീകരിക്കാനാവില്ലെന്ന് ഫല്സതീനിലെ വഖഫ് കൌണ്‍സില്‍ വ്യക്തമാക്കി. എല്ലാ മുസ്‍ലിംകള്‍ക്കും പ്രാര്‍ഥനക്കായി ബാബു റഹ്മയിലൂടെയുള്ള പ്രവേശനം അനുവദിക്കുക തന്നെ വേണം. അത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് അല്‍ അഖ്സക്കു നേരെയുള്ള അധിനിവേശമാണെന്ന് വഖ്ഫ് കൗണ്‍സില്‍ തലവന്‍ ശൈഖ് അബ്ദുല്‍ അസീം സല്‍ഹാബ് പറഞ്ഞു. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് വഖ്ഫ് കൗണ്‍സില്‍ പ്രസ്താവനയിറക്കിയത്. 2003ലാണ് അല്‍ അഖ്സയുടെ കോംബൗണ്ടിലേക്ക് പ്രവേശിക്കുന്ന അല്‍ റഹ്മ കവാടം ഇസ്രായേല്‍ അടച്ചിടുന്നത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഫലസ്തീനികള്‍ ഇത് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. കഴിഞ്ഞ മാസം ഫലസ്തീനികള്‍ ഇത് തുറക്കുകയും ഇവിടെ ആരാധന നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ പൊലീസ് കര്‍ശന നടപടികള്‍ ആരംഭിച്ചത്. അല്‍ അഖ്സയില്‍ പ്രവേശിക്കുന്ന ഫലസ്തീനികളെ ഇസ്രായേല്‍ തടയുന്നതിനാല്‍ വിശ്വാസികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്. 229 ഫലസ്തീനികളെയാണ് ഇസ്രായേല്‍ കഴിഞ്ഞ മാസം അല്‍ അഖ്സയില്‍ നിന്ന് അറസ്റ്റു ചെയ്തത്.