റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി വീണ്ടും ഉത്തരകൊറിയ
സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി വീണ്ടും ഉത്തരകൊറിയ. റോക്കറ്റ് അല്ലെങ്കില്‍ മിസൈല്‍ വിക്ഷേപണം നടത്തുമെന്നാണ് സൂചന. സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് വിക്ഷേപണത്തറ വീണ്ടും സജ്ജീകരിക്കുവാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. അതിന് പിന്നാലെയാണ് അമേരിക്കയെ വീണ്ടും പ്രതിരോധിലാക്കി ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. റോക്കറ്റ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടത്താനാണ് ഉത്തരകൊറിയയുടെ തീരുമാനം. അതിനുള്ള തയ്യാറെടുപ്പുകള്‍ സോഹയിലെ പ്രധാന വിക്ഷേപണ കേന്ദ്രത്തില്‍ ആരംഭിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സ്ഥിരീകരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ സോഹയിലെ വിക്ഷേപണ കേന്ദ്രത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു. എന്നാല്‍ യുഎസ് ഉത്തരകൊറിയ രണ്ടാംഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ വിക്ഷേപണ കേന്ദ്രം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇത് തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു .ഇതില്‍ നിരാശ പങ്കുവെച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ധാരണയ്ക്ക് വിരുദ്ധമായി ഉത്തരകൊറിയ പ്രവര്‍ത്തിച്ചാല്‍ പിന്നീട് എന്തുണ്ടാകുമെന്ന് പറയാനാവില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി. അതേസമയം റോക്കറ്റ് വിക്ഷേപണമല്ല സാറ്റ്ലൈറ്റ് വിക്ഷേപണം നടത്താനാണ് ഉത്തരകൊറിയയുടെ പദ്ധതിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.