മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ എതിര്‍ത്ത് വീണ്ടും ചൈന
ഇത് നാലാം തവണയാണ് യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിക്കുന്നത്.
ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ എതിര്‍ത്ത് വീണ്ടും ചൈന. യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന വിറ്റോ ചെയ്തത്. ഇത് നാലാം തവണയാണ് യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിക്കുന്നത്. മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവെക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെട്ടു.
മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽപെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടെ യു .എന്‍ എടുക്കാവൂ എന്നതാണ് ചൈനയുടെ നിലപാട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ ചൈന എതിര്‍ത്തത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കൃത്യമായ തെളിവുകളില്ലെന്നും ചൈന വാദിക്കുന്നു.
മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് നേരത്തെ മൂന്ന് തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം വന്നിരുന്നു. എന്നാല്‍ വീറ്റോ അധികാരം ഉപയോഗിച്ച് ഇതെല്ലാം ചൈന തടയുകയായിരുന്നു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്ക, യു,കെ ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ട്. ചൈനയുടെ നിലപാടില്‍ നിരാശയുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.