ന്യൂസിലാന്‍റ് ഭീകരാക്രമണത്തില്‍ ‘മുസ്‌ലിം കുടിയേറ്റക്കാരെ’ കുറ്റപ്പെടുത്തി ആസ്ട്രേലിയന്‍ സെനറ്റര്‍; സെനറ്ററുടെ തലയിലേക്ക് മുട്ട എറിഞ്ഞ് യുവാവിന്റെ പ്രതിഷേധം - വീഡിയോ
ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്‌ലിം കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ ആസ്ട്രേലിയന്‍ സെനറ്ററുടെ തലയിലേക്ക് മുട്ടയെറിഞ്ഞ് യുവാവ്. സെനറ്ററെ മുട്ടയെറിഞ്ഞുള്ള യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 17 വയസ്സുള്ള യുവാവാണ് ആസ്ട്രേലിയന്‍ സെനറ്റര്‍ ഫ്രൈസര്‍ ആനിങിന്റെ തലയിലേക്ക് അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മുട്ടയെറിഞ്ഞത്. ക്വീന്‍സ് ലാന്റില്‍ നിന്നുമുള്ള വലതുപക്ഷ സ്വതന്ത്ര സെനറ്ററാണ് ഫ്രൈസര്‍ ആനിങ്. പത്ര സമ്മേളനം നടത്തുകയായിരുന്ന സെനറ്റര്‍ക്ക് നേരെയാണ് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് കൊണ്ട് ‘താങ്കളൊരു വംശീയവാദിയാണ്’ എന്ന് ഉറക്കെ പറഞ്ഞ് യുവാവ് മുട്ടയെറിഞ്ഞത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ രോഷാകുലനായ സെനറ്റര്‍ യുവാവിന്റെ മുഖത്തേക്ക് ശക്തമായി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. യുവാവിനെ പിന്നീട് സെനറ്ററുടെ അനുയായികള്‍ പത്ര സമ്മേളനം നടക്കുന്ന ഹാളില്‍ വെച്ച് കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് പിന്നീട് യുവാവിനെ കേസെടുക്കാതെ വിട്ടയച്ചു. സംഭവം വിക്ടോറിയ പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.
WATCH: This is the moment Senator Fraser Anning was egged by a teenage boy during a press conference in Melbourne. #9News pic.twitter.com/oePwz3pPH2
— Nine News Melbourne (@9NewsMelb) March 16, 2019
അതെ സമയം സെനറ്റര്‍ ഫ്രൈസര്‍ ആനിങിന്റെ പരാമര്‍ശത്തിനെതിരെ ആസ്ട്രേലിയയിലും ന്യൂസിലാന്റിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്‌ലികള്‍ക്കെതിരെ വ്യാപകമായ തരത്തില്‍ ഭയം രൂപപ്പെടുത്തുന്ന സാഹചര്യത്തില്‍ സെനറ്ററുടെ പരാമര്‍ശം അപലപനീയമാണെന്ന് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആനിങിന്റെ പരാമര്‍ശത്തിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ആസ്ട്രേലിയയില്‍ സ്ഥാനമില്ലെന്നും സെനറ്ററെ സര്‍ക്കാര്‍ ശാസിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതെ സമയം സെനറ്റര്‍ ഫ്രൈസര്‍ ആനിങിനെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പേരാണ് ഒപ്പ് വെച്ചിരിക്കുന്നത്.