അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ചകളിൽ നിന്ന് ഉത്തരകൊറിയ പിൻമാറുന്നു

കഴിഞ്ഞ മാസം ഹനോയിൽ നടന്ന രണ്ടാം ഉച്ചകോടി അലസിപ്പിരിഞ്ഞതോടെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്

Update: 2019-03-16 03:05 GMT

അമേരിക്കയുമായുള്ള ആണവനിരായുധീകരണ ചർച്ചകളിൽ നിന്ന് ഉത്തരകൊറിയ പിൻമാറുന്നു. ഉത്തരകൊറിയയുടെ വിദേശകാര്യ സഹമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിർത്തിവെച്ച ആണവപരീക്ഷണങ്ങൾ കിം ജോങ് ഉൻ ഉടൻ പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആണവപരീക്ഷണം പുനരാരംഭിക്കില്ലെന്ന് ട്രംപിന് നൽകിയ ഉറപ്പ് കിം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു.

കഴിഞ്ഞ മാസം ഹനോയിൽ നടന്ന രണ്ടാം ഉച്ചകോടി അലസിപ്പിരിഞ്ഞതോടെയാണ് ഉത്തരകൊറിയ നിലപാട് വ്യക്തമാക്കിയത്. സുവർണാവസരമാണ് അമേരിക്ക നഷ്ടപ്പെടുത്തിയതെന്ന് ഉത്തരകൊറിയ വിദേശകാര്യ സഹ മന്ത്രി ചോ സോൻ ഹുയീ പറഞ്ഞു. അമേരിക്കയുടെ ആവശ്യങ്ങളോട് വഴങ്ങിക്കൊടുക്കാൻ ഉത്തരകൊറിയ ആഗ്രഹിക്കുന്നില്ല. ഈ രീതിയിൽ ചർച്ചകളുമായി മുന്നോട്ട് പോകാൻ താല്‍പര്യമില്ലെന്നും ചോ സോൻ ഹുയീ റഷ്യ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Advertising
Advertising

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും ശത്രുപരവും പരസ്പരവിശ്വാസവും ഇല്ലാത്ത അന്തരീക്ഷമാണ് ഉണ്ടാക്കിയത്. അത് ഉത്തരകൊറിയയുടെയും അമേരിക്കയുടെയും നേതാക്കൾ തമ്മിലുള്ള ചർച്ചക്ക് തടസം സൃഷ്ടിച്ചു. അമേരിക്കയുടെ ഈ തെമ്മാടിത്തരം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. നിർത്തിവെച്ച ആണവപരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും ചോ സോൻ ഹുയീ മുന്നറിയിപ്പ് നൽകി. അംഗീകരിക്കാവുന്ന ആവശ്യങ്ങളായിരുന്നില്ല ഉത്തരകൊറിയയുടേതെന്നും ആണവ പരീക്ഷണം പുനരാരംഭിക്കില്ലെന്ന് ട്രംപിന് നൽകിയ ഉറപ്പ് കിം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഉത്തരകൊറിയയുമായി ചർച്ചകൾക്ക് ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു..

Tags:    

Similar News