മുസ്‌ലിങ്ങള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആസ്ട്രേലിയന്‍ സെനറ്ററെ മുട്ട എറിഞ്ഞ് താരമായി ‘എഗ് ബോയ്’; സമാഹരിച്ച തുക ന്യൂസിലാന്റ് ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സമ്മാനിക്കും
ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്‌ലിം കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ ആസ്ട്രേലിയന്‍ സെനറ്ററുടെ തലയിലേക്ക് മുട്ടയെറിഞ്ഞ യുവാവ് താരമായത് നിമിഷങ്ങള്‍ക്കകം. സംഭവത്തില്‍ ഓണ്‍ലൈനില്‍ വലിയ ജനപ്രീതി നേടിയ വില്‍ കാണലിക്ക് വേണ്ടി പിന്നീട് വെബ്സൈറ്റിലൂടെ ഫണ്ട് കളക്ഷനും നടന്നിരുന്നു. തുടര്‍ന്നും ഇത് പോലെ മുട്ട എറിയാന്‍ ആവശ്യമായ തുക പിരിച്ചെടുക്കാന്‍ എന്ന് പറഞ്ഞ് ആരംഭിച്ച ഫണ്ടിങ് പിന്നീട് ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകള്‍ക്ക് നല്‍കുമെന്ന് യുവാവ് വ്യക്തമാക്കി. വില്‍ കാണലി സെനറ്റര്‍ ഫ്രൈസര്‍ ആനിങിന്റെ തലയിലേക്ക് മുട്ടയെറിയുന്ന വീഡിയോക്ക് വലിയ പ്രചാരമാണ് ഓണ്‍ലൈനില്‍ ലഭിച്ചത്. വീഡിയോയിലൂടെ താരമായ വില്‍ കാണലിക്ക് വേണ്ടി തൊട്ടുടനെ തന്നെ ഓണ്‍ലൈനില്‍ ഫണ്ടിങും ആരംഭിച്ചിരുന്നു. യുവാവ് സെനറ്ററുടെ തലയില്‍ മുട്ടയുടക്കുന്ന ചിത്രം പിന്നീട് തെരുവുകളിലും ന്യൂസിലാന്റിലെ തന്നെ പല പ്രധാന സ്ഥലങ്ങളിലും മ്യൂറല്‍ പെയിന്റിങ്ങുകളായി പ്രത്യക്ഷപ്പെട്ടു. യുവാവിനെ പിന്തുണച്ച് ലക്ഷകണക്കിന് പേരാണ് ഓണ്‍ലൈനിലും അല്ലാതെയും രംഗത്ത് വന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ വക്കീലായ ആദം ഹൌഡ വരെ യുവാവിനെ പിന്തുണച്ച് കേസ് വാദിക്കാന്‍ രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. വില്‍ കാണലിക്ക് വേണ്ടി ഇതിനകം 27 ലക്ഷത്തിന് മുകളിലാണ് ഓണ്‍ലൈനില്‍ സമാഹരിച്ചത്. ഈ തുകയത്രയും തന്നെ ന്യൂസിലാന്റ് ആക്രമണത്തിലെ ഇരകള്‍ക്ക് സമ്മാനിക്കും. അതെ സമയം സെനറ്റര്‍ ഫ്രൈസര്‍ ആനിങിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് വില്‍ കാണലിയുടെ വക്കീല്‍ അറിയിച്ചു. വിക്ടോറിയ പൊലീസിന്റെ അന്വേഷണ പരിധിയിലാണ് കേസിപ്പോഴും.
ക്വീന്‍സ് ലാന്റില്‍ നിന്നുമുള്ള വലതുപക്ഷ സ്വതന്ത്ര സെനറ്ററാണ് ഫ്രൈസര്‍ ആനിങ്. പത്ര സമ്മേളനം നടത്തുകയായിരുന്ന സെനറ്റര്‍ക്ക് നേരെയാണ് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് കൊണ്ട് ‘താങ്കളൊരു വംശീയവാദിയാണ്’ എന്ന് ഉറക്കെ പറഞ്ഞ് യുവാവ് മുട്ടയെറിഞ്ഞത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ രോഷാകുലനായ സെനറ്റര്‍ യുവാവിന്റെ മുഖത്തേക്ക് ശക്തമായി തിരിച്ചടിക്കുന്നതും വൈറലായ വീഡിയോയില്‍ കാണാവുന്നതാണ്. യുവാവിനെ പിന്നീട് സെനറ്ററുടെ അനുയായികള്‍ പത്ര സമ്മേളനം നടക്കുന്ന ഹാളില്‍ വെച്ച് കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയും ചെയ്തു. യുവാവിനെ പൊലീസ് പിന്നീട് വിട്ടയച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കാന്‍ ഇപ്പോഴും നിയന്ത്രണങ്ങളുണ്ടെന്ന് യുവാവ് അറിയിച്ചിട്ടുണ്ട്.
WATCH: This is the moment Senator Fraser Anning was egged by a teenage boy during a press conference in Melbourne. #9News pic.twitter.com/oePwz3pPH2
— Nine News Melbourne (@9NewsMelb) March 16, 2019
അതേ സമയം, സെനറ്റര്‍ ഫ്രൈസര്‍ ആനിങിന്റെ പരാമര്‍ശത്തിനെതിരെ ആസ്ട്രേലിയയിലും ന്യൂസിലാന്റിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്‌ലികള്‍ക്കെതിരെ വ്യാപകമായ തരത്തില്‍ ഭയം രൂപപ്പെടുത്തുന്ന സാഹചര്യത്തില്‍ സെനറ്ററുടെ പരാമര്‍ശം അപലപനീയമാണെന്ന് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആനിങിന്റെ പരാമര്‍ശത്തിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് ആസ്ട്രേലിയയില്‍ സ്ഥാനമില്ലെന്നും സെനറ്ററെ സര്‍ക്കാര്‍ ശാസിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതെ സമയം സെനറ്റര്‍ ഫ്രൈസര്‍ ആനിങിനെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പേരാണ് ഒപ്പ് വെച്ചിരിക്കുന്നത്