സിറിയയില്‍ നിന്നും ഐ.എസിനെ തുരത്തിയതായി സെെന്യം
സിറിയയില്‍ നിന്നും ഐ.എസിനെ തുരത്തിയത് നിര്‍ണായക നാഴികക്കല്ലാണെന്ന് അമേരിക്ക അറിയിച്ചു
സിറിയില്‍ നിന്നും ഐ.എസിനെ പൂര്‍ണമായും തുരത്തിയെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ്. ഐ.എസ് അവശേഷിച്ചിരുന്ന അവസാന പ്രദേശമായ ബഗ്ഹൌസില്‍ നിന്ന് സംഘടനയെ തുരത്തിയതോടെയാണ് തുടച്ചു നീക്കല്‍ പൂര്‍ണമായത്.
നാല് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറിയയുടെ മൂന്നില്‍ ഒരു ഭാഗവും സ്വന്തമാക്കിയിരുന്ന ഐ.എസിനെ തുരത്തിയത്. കിഴക്കന്‍ സിറിയയിലെ ബഗ്ഹൌസിലെ ചെറിയ പ്രദേശത്തായിരുന്നു ഐ.എസ് അവശേഷിച്ചിരുന്നത്.
ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കന്‍ പിന്തുണയുള്ള എസ്.ഡി.എഫ് വിജയം പ്രഖ്യാപിച്ചത്. രാജ്യത്തുള്ള ഐ.എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ക്കെതിരെയും പോരാട്ടം ശക്തമാക്കുമെന്ന് എസ്.ഡി.എഫ് കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ പോരാട്ടം ശക്തമായതോടെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെയുള്ളവരെ മനുഷ്യ കവചമാക്കിയിയാരുന്നു ഐ.എസ് സൈന്യത്തെ തടഞ്ഞിരുന്നത്.
പ്രദേശത്ത് നിന്നും ആയിരക്കണക്കിന് പേരെ സൈന്യം രക്ഷപ്പെടുത്തുകയും നിരവധി ഭീകരരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. മേഖലയില്‍ വ്യാപകമായി കുഴിബോംബുകളും വിന്യസിച്ചിരുന്നു.
സിറിയയില്‍ നിന്നും ഐ.എസിനെ തുരത്തിയത് നിര്‍ണായക നാഴികക്കല്ലാണെന്നും ഭീകരരെ പൂര്‍ണമായും തുരത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അമേരിക്ക അറിയിച്ചു.