പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ഡെമോക്രാറ്റുകള്‍
പ്രസിഡന്റിനെതിരെയുള്ള കുറ്റങ്ങള്‍ ജനങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്ന് ബെര്‍നി സാന്‍ഡേഴ്സ് പറഞ്ഞു
2016ലെ യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യല്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ഡെമോക്രാറ്റുകള്‍. ഇന്നലെയാണ് സ്പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളര്‍ റിപോര്‍ട്ട് സമര്‍പിച്ചത്.
ട്രംപിനെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്ന് പ്രതീക്ഷിക്കുന്ന മ്യൂളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പരസ്യപ്പെടുത്തണമെന്നാണ് ഡെമോക്രാറ്റ് നേതാക്കളുടെ ആവശ്യം. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് യു.എസ് അറ്റോണി ജനറല്‍ വില്യം ബാറിനോട് യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് ലീഡര്‍ ചക്ക് ഷമ്മറും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റിനെതിരെയുള്ള കുറ്റങ്ങള്‍ ജനങ്ങള്‍ക്കറിയാനുള്ള അവകാശമുണ്ടെന്ന് മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ബെര്‍നി സാന്‍ഡേഴ്സ് പറഞ്ഞു. ഡോണള്‍ഡ് ട്രംപിന്റേത് ജനങ്ങളോടുള്ള ക്രിമിനല്‍ നടപടിയാണെന്നും അത് പരസ്യപ്പെടുത്തണമെന്നും പ്രമുഖ ഡെമോക്രാറ്റ് നേതാവ് കോറി ബുകര്‍ പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ ഏതൊക്കെ കാര്യങ്ങള്‍ പരസ്യപ്പെടുത്താമെന്ന് കേസില്‍ അന്വേഷണം നടത്തുന്ന അറ്റോണി ജനറല്‍ വില്യം ബാറിന് തീരുമാനിക്കാം.