‘പാക്കിസ്താനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്‍മാര്‍’; യു.എന്‍ ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യക്കാര്‍ 2019 വര്‍ഷം അത്ര സന്തോഷത്തിലല്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2018 നെ അപേക്ഷിച്ച് ഏഴ് സ്ഥാനം പിന്നോട്ട് മാറി 140ാം സ്ഥാനത്താണ് പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫിന്‍ലാന്‍ഡാണ് ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
യു.എനിന് വേണ്ടി സുസ്ഥിര വികസന പരിഹാര ശ്യംഖലയാണ് മാര്‍ച്ച് 20ന് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2012 മുതല്‍ മാര്‍ച്ച് 20 ലോക സന്തോഷദിനമായിട്ടാണ് യു.എന്‍ ജനറല്‍ അസംബ്ലി ആചരിക്കുന്നത്.
രാജ്യങ്ങളുടെ വരുമാനം, സ്വാതന്ത്രം, വിശ്വാസം, ആരോഗ്യകരമായ ആയുസ്സ്, സാമൂഹ്യ പിന്തുണ, ഉദാരത എന്നീ ആറ് കാര്യങ്ങള്‍ പരിശോധിച്ചാണ് യു.എന്‍ ഹാപ്പിനസ് ഇന്‍ഡക്സ് പട്ടിക തയ്യാറാക്കുക.
കഴിഞ്ഞ തവണ 133ാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യയാണ് പുതിയ റിപ്പോര്‍ട്ടില്‍ താഴോട്ട് കുതിച്ച് 140ാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ രാജ്യത്തെ സന്തോഷകരമായ ജീവിതത്തെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ലോകത്തുള്ള സന്തോഷകരമായ 156 രാജ്യങ്ങളുടെ പട്ടികയാണ് യു.എന്‍ പ്രസിദ്ധീകരിക്കുക. വിരുദ്ധ വികാരങ്ങളായ ദേഷ്യവും സങ്കടവും ആധിയും പുതിയ റിപ്പോര്‍ട്ട് പ്രകാരം വര്‍ധിച്ചതായും ചൂണ്ടികാട്ടുന്നു.
ഫിന്‍ലന്‍ഡ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വെ, ഐസ് ലാന്‍ഡ്, ഹോളണ്ട് എന്നിവരാണ് ഫിന്‍ലാന്‍ഡിന് തൊട്ടുപിറകിലുള്ള സ്ഥാനങ്ങളില്‍. പാക്കിസ്താന്‍ പട്ടികയില്‍ 67ാം സ്ഥാനത്ത് നിലയുറപ്പിക്കുമ്പോള്‍ ബംഗ്ലാദേശ് 125ാം സ്ഥാനത്ത് നില്‍ക്കുന്നു. ചൈന 93ാം സ്ഥാനത്താണ് ഹാപ്പിനസ് പട്ടികയില്‍.
യുദ്ധം തകര്‍ത്ത ദക്ഷിണ സുഡാനാണ് ഹാപ്പിനസ് പട്ടികയില്‍ ഏറ്റവും പിറകില്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്ലബിക്ക്, അഫ്ഗാനിസ്ഥാന്‍, ടാന്‍സാനിയ, റുവാന്‍ഡ എന്നിവര്‍ സുഡാന് പിന്നില്‍ പിറകിലായുള്ള രാജ്യങ്ങളാണ്.