ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്‍

ഇന്നലെ രാത്രി വൈകിയും ഇരു വിഭാഗവും തമ്മില്‍ വെടിവെപ്പുണ്ടായതായും സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2019-03-27 13:42 GMT

ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായി എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ഗസക്ക് നേരെ ആക്രമണമാരംഭിച്ചത്. ഗസയില്‍ നിന്ന് തിരിച്ചും വെടിവെപ്പുണ്ടായതായും സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം രൂപപ്പെട്ടത്. ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായി എന്നും ഇസ്രായേല്‍ നഗരമായ അഷ്‌കെലോണിന് സമീപം പതിച്ച റോക്കറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല എന്നും പറഞ്ഞ ഇസ്രായേല്‍ സൈന്യം ഗസക്ക് നേരെ വ്യോമാക്രമണമാരംഭിച്ചു. ഗസയില്‍ നിന്ന് തിരിച്ചും വെടിവെപ്പുണ്ടായി. ഇന്നലെ രാത്രി വൈകിയും ഇരു വിഭാഗവും തമ്മില്‍ വെടിവെപ്പുണ്ടായതായും സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

അതിനിടെ, ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായതായി സ്ഥിരീകരിച്ച ഹമാസ്, ഇസ്‌ലാമിക് ജിഹാദ് തുടങ്ങിയ ഫലസ്തീന്‍ പ്രതിരോധ സംഘടനകള്‍ മുഖ്യധാരാ പ്രതിരോധ സംഘടനകള്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്നും സംഭവം ഒറ്റപ്പെട്ടതാണെന്നും പ്രതികരിച്ചു. ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ഉണ്ടായ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തയ്യാറാകില്ല എന്നാണ് സൂചനകള്‍.

ഫലസ്തീന്‍ സംഘടനകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയില്ല എന്ന വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലില്‍ ഗസക്കെതിരായ ആക്രമണം വരും ദിവസങ്ങളില്‍ ഇസ്രായേല്‍ കടുപ്പിക്കാനാണ് സാധ്യത.

Tags:    

Similar News