ശ്രീലങ്കയില്‍ ഏറ്റുമുട്ടല്‍: 6 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു
സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയത് ഭീകരരാണെന്ന് സൈന്യം ആരോപിച്ചു.
ശ്രീലങ്കയില്‍ സുരക്ഷസേനയുടെ ഭീകര വേട്ടക്കിടെ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം വിശദീകരിച്ചു. ആറ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ശ്രീലങ്കയില്‍ കത്തോലിക്ക സഭ ഞായറാഴ്ച കുര്‍ബാന നിര്‍ത്തിവെച്ചു.
ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സൈനിക നടപടി. കൊളംബോയില്‍ നിന്ന് 345 കിലോമീറ്റര്‍ അകലെ സൈന്തമരുതു പട്ടണത്തിലെ ഭീകര കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. മൂന്ന് ഭീകരര്‍ ചാവേറുകളായി പൊട്ടിത്തെറിച്ചു. സൈന്യവും ഭീകരും തമ്മില്‍ വെടിവെപ്പുമുണ്ടായി. സ്ഫോടനത്തിലും വെടിവെപ്പിലുമായി 6 കുട്ടികളും 3 സ്ത്രീകളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടത് ഭീകരര്‍ ചാവേറായി പൊട്ടിത്തെറിച്ചപ്പോഴാണെന്ന് സൈന്യം പറഞ്ഞു. 3 ഭീകരരെ വധിച്ചതായും അവര്‍ അവകാശപ്പെട്ടു. ഐ.എസിനെ പൂര്‍ണമായും രാജ്യത്തു നിന്നും ഇല്ലാതാക്കുമെന്നും സമാധാനന്തരീക്ഷം ഉടനെ തിരികെ കൊണ്ടുവരുമെന്നും ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.
അതിനിടെ രാജ്യത്ത് ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ അറിയിച്ചു. വിശ്വാസികള്‍ സ്വന്തം വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന കൈക്കൊള്ളാനും സഭ നിര്‍ദേശിച്ചു.