ശ്രീലങ്കയില്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിപ്പ്
പള്ളികള്‍ കേന്ദ്രീകരിച്ച് ആക്രമണ സാധ്യത ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് കാതോലിക് സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചത്.
ശ്രീലങ്കയില്‍ തിങ്കളാഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെ വീണ്ടും ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിപ്പ്. പള്ളികള്‍ കേന്ദ്രീകരിച്ച് ആക്രമണ സാധ്യത ഉണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് തന്നെയാണ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ കാതോലിക് സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് പിന്നാലെ ഈ ആഴ്ച പള്ളികളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം കൊളംബോ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം രഞ്ജിത്ത് ആണ് അറിയിച്ചത്.
ആക്രമണം സംബന്ധിച്ച് വിദേശത്ത് നിന്ന് മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ഞായറാഴ്ച കുര്‍ബാന ഒരറിയിപ്പുണ്ടാകും വരെ നടത്തേണ്ടെന്ന തീരുമാനവും കൈക്കൊണ്ടു. കൂടാതെ തിങ്കളാഴ്ച ശ്രീലങ്കയിലെ സ്കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്ത്യന്‍ സ്കൂളുകള്‍ തുറക്കില്ല. എന്ന് തുറക്കുമെന്നതില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
എല്ലാ പള്ളികളിലേക്കും ഈ നിര്‍ദേശം ബിഷപ്പ് കൈമാറിയിട്ടുണ്ട്. നിങ്ങളുടെ നല്ലതിനായി നമ്മുടെ സ്ഥാപനങ്ങള്‍ അടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണ മുന്നറിയിപ്പ് ഇന്ത്യ നല്‍കിയിട്ടും സുരക്ഷാ വീഴ്ച വരുത്തിയ ശ്രീലങ്കന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം രഞ്ജിത്ത്. സഭാ വക്താവ് വിദേശ മുന്നറിയിപ്പ് വിവരം അസോസിയേറ്റ് പ്രസുമായി പങ്കുവെച്ചെങ്കിലും അതിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായില്ല. എന്നാല്‍ ഭീകരാക്രമണ ഭീഷണി ഉള്ളതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.