നീതി ലഭിക്കാത്തവരുടെ ശബ്ദമായിരുന്നു മദര്‍ തെരേസ; ഫ്രാന്‍സിസ് മാര്‍പ്പാപ്പ
ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ വടക്കന്‍ മാസഡോണിയ സന്ദര്‍ശിക്കുന്നത്. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വടക്കന്‍ മാസിഡോണിയയിലെത്തിയത്
നീതി ലഭിക്കാത്തവരുടെ ശബ്ദമായിരുന്നു മദര്‍ തെരേസയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വടക്കന്‍ മാസഡോണിയയില്‍ മദര്‍ തെരേസയുടെ ജന്മസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ വടക്കന്‍ മാസഡോണിയ സന്ദര്‍ശിക്കുന്നത്. യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വടക്കന്‍ മാസിഡോണിയയിലെത്തിയത്.
മദര്‍ തെരേസയുടെ ജന്മസ്ഥലവും രാജ്യ തലസ്ഥാനവുമായ സ്കോപ്യയിലെത്തിയ മാര്‍പ്പാപ്പയെ ഭരണാധികാരികളും മിഷണറീസ് ഓഫ് ചാരിറ്റിസഭയിലെ കന്യാസ്ത്രീകളും ചേര്‍ന്നാണ് സ്വീകരിച്ചത്.
മദര്‍ തെരേസയുടെ ജന്മസ്ഥലത്തെ ചാപ്പലില്‍ പ്രാര്‍ത്ഥനയര്‍പ്പിച്ച മാര്‍പ്പാപ്പ മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. മദര്‍ തെരേസയുടെ ജീവിതം പാവപ്പെട്ടവര്‍ക്ക് ഒരു അനുഗ്രഹമായിരുന്നെന്നും, ആ ജീവിതം ഏവരും മാതൃകയാക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. മദർതെരേസ പതിനെട്ടാം വയസ്സുവരെ ജീവിച്ചത് സ്കോപ്യേയിലാണ്.
2009ലാണ് ഇവിടെ മദറിനായി സ്മാരകം നിർമിച്ചത്. ബൾഗേറിയയിലെ ദ്വിദിന സന്ദർശനത്തിനുശേഷമാണ് മാർപാപ്പ വടക്കൻ മാസിഡോണിയയിലെത്തിയത്. പ്രസിഡന്‍റ് ഇവാനോവുമായി ചർച്ച നടത്തിയ മാർപാപ്പ ഇന്നലെ തന്നെ വത്തിക്കാനിലേക്കു മടങ്ങി.