പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിലേക്ക്
മിസൈല്‍ പ്രതിരോധ സംവിധാനവും യുദ്ധക്കപ്പലുകളും മേഖലയിലേക്ക് അയച്ച് അമേരിക്ക
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുന്നു. ഇറാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ പശ്ചിമേഷ്യയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. മിസൈല്‍ പ്രതിരോധ സംവിധാനവും യുദ്ധക്കപ്പലുകളും മേഖലയിലേക്ക് അയച്ചു.
ഇറാന്‍- അമേരിക്ക ബന്ധം അത്യന്തം മോശമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ പശ്ചിമേഷ്യയില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് അമേരിക്ക. അതിന്റെ ഭാഗമായി പാട്രിയോട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും രണ്ട് യുദ്ധകപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തേക്ക് അയച്ചു. കഴിഞ്ഞ ദിവസം അയച്ച B-52 ബോംബര്‍ വിമാനം ഖത്തര്‍ എയര്‍ബേസില്‍ എത്തിയെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇറാനുമായി അമേരിക്ക സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുഎസ് സൈനികര്‍ക്കെതിരായ ആക്രമണം തടയാനും മേഖലയിലെ താത്പര്യം സംരക്ഷിക്കാനും തങ്ങള്‍ സജ്ജമാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇറാന്‍ മേഖലയിലെ ഓരോ ചലനങ്ങളും പെന്റഗണ്‍ നിരീക്ഷിക്കുന്നുണ്ടെന്നും പാട്രിയോട്ട് മിസൈല്‍ സംവിധാനത്തിന് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളെ പ്രതിരോധിക്കാനാകുമെന്നും പെന്റഗണ്‍ പ്രസ്തവനയില്‍ പറഞ്ഞു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ ട്രംപ് ഭരണകൂടം ഇറാനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇറാന്റെ എണ്ണക്കച്ചവടം തകര്‍ക്കുന്നതിനായി അവിടെ നിന്ന് എണ്ണ വാങ്ങരുതെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. പ്രതികാരമായി ആവശ്യമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ച് എല്ലാ രജ്യങ്ങളുടെയും എണ്ണകപ്പലുകളുടെ നീക്കം തടസ്സപ്പെടുത്താന്‍ മടിക്കില്ലെന്ന് ഇറാനും ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ യുദ്ധകപ്പലുകളും ബോംബറുകളും അയക്കുന്ന അമേരിക്കന്‍ നടപടി സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കിയേക്കും.