വിദേശ എംബസികളില്‍ അഭയം തേടി വീണ്ടും വെനസ്വേലയിലെ പ്രതിപക്ഷ പ്രതിനിധികള്‍
പ്രസിഡന്റ് നിക്കോളാസ് മരുദോയ്ക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷത്തുള്ള 10 ജനപ്രതിനിധികള്‍ക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ സുപ്രീം കോടതി ചുമത്തിയിരുന്നു.
വെനസ്വേലയിലെ പ്രതിപക്ഷത്തെ മൂന്ന് ജനപ്രതിനിധികള്‍ കൂടി വിദേശ എംബസികളില്‍ അഭയം തേടി. പ്രസിഡന്റ് നിക്കോളാസ് മദുരോയ്ക്കെതിരെ പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷത്തുള്ള 10 ജനപ്രതിനിധികള്‍ക്കെതിരെ രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ സുപ്രീം കോടതി ചുമത്തിയിരുന്നു.
പ്രതിപക്ഷ ജനപ്രതിനിധികളായ അമരിക്കോ ഡി ഗ്രാസിയ, മരീല മഗല്ലാന്‍സ് എന്നിവര്‍ ഇറ്റാലിയന്‍ എംബസിയിലും റിച്ചാര്‍ഡ് ബ്ലാന്‍കോ അര്‍ജന്റീനിയന്‍ എംബസിയിലുമാണ് അഭയം തേടിയത്. പ്രതിപക്ഷത്തെ പ്രമുഖ നേതാവായ ലെപ്പോള്‍ഡോ ലോപ്പസ് സ്പെയ്ന്‍ എംബസിയില്‍ അഭയം തേടിയിരുന്നു. അന്‍പതോളം രാജ്യങ്ങളുടെ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ യുവാന്‍ ഗയ്ഡോ പ്രസിഡന്റ് നിക്കോളാസ് മദുരോയെ പുറത്താക്കാന്‍ പട്ടാള അട്ടിമറിക്ക് ആഹ്വാനം ചെയ്തതോടെയാണ് സ്ഥിതി കുടുതല്‍ വഷളായത്. എന്നാല്‍ സൈന്യത്തിലെ ബഹുഭൂരിപക്ഷവും മദുരോയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ അട്ടിമറി ശ്രമം പാളി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ 10 നേതാക്കള്‍ക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. ഇതിലെ മൂന്ന് പേരാണ് എംബസികളില്‍ അഭയം തേടിയത്. അവശേഷിക്കുന്ന 7 പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. അതിനിടെ യുവാന്‍ ഗയ്ഡോയുടെ അനുയായി എഡ്ഗാര്‍ സാന്പ്രോനെയെ പൊലീസ് അറസ്റ്റ് ചെയ്തു. നിക്കോളാസ് മദുരോയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിപക്ഷ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. രാജ്യവ്യാപക പ്രതിഷേധത്തിന് യുവാന്‍ ഗയ്ഡോ വീണ്ടും ആഹ്വാനം നല്‍കിയിട്ടുണ്ട്.