യമനിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തി ഹൂതി വിമതരുടെ പിന്‍മാറ്റം
ഹുദൈദ അടക്കമുള്ള തന്ത്രപ്രധാന തുറമുഖ നഗരങ്ങളില്‍ നിന്നാണ് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നത്
യമനില്‍ ഹുദൈദ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്ന് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നു. ഐക്യ രാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകളെ തുടര്‍ന്നാണ് ഹൂതികളുടെ പിന്‍മാറ്റം.
ഹുദൈദ അടക്കമുള്ള തന്ത്രപ്രധാന തുറമുഖ നഗരങ്ങളില്‍ നിന്നാണ് ഹൂതി വിമതര്‍ പിന്‍വാങ്ങുന്നത്. നാലു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ യുഎനിന്റെ മധ്യസ്ഥതയില്‍ നടന്ന ശ്രമങ്ങളാണ് വിജയം കാണുന്നത്. യമനില്‍ കഴിഞ്ഞ നാല് വര്‍ഷമായി അരങ്ങേറുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് യുഎനിന്റെ നീക്കം.
നഗരത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ സേന ഇനി പിന്മാറണം. മൂന്നു തുറമുഖങ്ങളില്‍ നിന്നാണ് ഹൂതികള്‍ പിന്മാറുന്നതെന്നും നാല് ദിവസത്തിനകം ഇത് പൂര്‍ത്തീകരിക്കുമെന്നും യു.എന്‍ അറിയിച്ചു.
ഹുദൈദ, സലീഫ്, റാസ് ഇസ എന്നീ തുറമുഖങ്ങളില്‍ നിന്നും ഹൂതി വിമത സായുധ സംഘം വിട്ടൊഴിയുമെന്ന് കഴിഞ്ഞ ദിവസം യു എന്‍ അറിയിച്ചിരുന്നു.ഇത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ സ്വീഡനില്‍ യു.എനിന്റെ നേതൃത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നിരുന്നു. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകര്‍ ഹൂതി വിമതരുടെ താവളങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
യമനില്‍ നിന്നും ഹൂതികള്‍ തങ്ങളുടെ സൈന്യത്തെ പുനര്‍ വിന്യസിക്കുന്ന നടപടികള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും യു.എന്‍ പ്രത്യേക ദൗത്യ സംഘം പ്രസ്താവനയില്‍ അറിയിച്ചു. ഹുദൈദയില്‍ ഏറ്റ്മുട്ടല്‍ അവസാനിച്ചാല്‍ യമനിലെ ഭക്ഷ്യ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാനാകും. യുദ്ധമുണ്ടാക്കിയ ഭക്ഷ്യക്ഷാമം മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് യമനില്‍ മരിച്ചത്. ഇതിനെല്ലാം ഒരു പരിഹാരമാവുകയാണ് ഹൂതികളുടെ പിന്മാറ്റം.